അശോക് ഗെഹ്‌ലോട്ട് ബിജെപിയെ തറ പറ്റിച്ച “മാന്ത്രികൻ”
ഒരിക്കൽ ഒരു അഭിമുഖത്തിൽ അശോക് ഗെഹ്ലോട്ടിനോട് ഇങ്ങനെ ചോദിക്കുക ഉണ്ടായി .രാഷ്ട്രീയക്കാരൻ ആയില്ലെങ്കിൽ എന്താകുമായിരുന്നുവെന്ന് .ഗെഹ്ലോട്ടിനു ഒന്ന് ആലോചിക്കുക പോലും വേണ്ടി വന്നില്ല ,അദ്ദേഹം പറഞ്ഞു മജീഷ്യൻ .
അശോക് ഗെഹ്‌ലോട്ടിന്റെ പിതാവ് ലക്ഷ്മി സിംഗ് ഗെഹ്‌ലോട്ട് ഒരു മജീഷ്യൻ ആയിരുന്നു .പിതാവിന്റെ തോളിലേറി കുഞ്ഞു ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഴുവൻ കണ്ടു .അച്ഛന്റെ മാജിക്കുകളുടെ കാഴ്ചക്കാരൻ മാത്രം ആയിരുന്നില്ല അശോക് .കുഞ്ഞു ട്രിക്കുകൾ അശോകിനും അറിയാമായിരുന്നു .
രാജസ്ഥാനിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ നീക്കത്തെ അതിജീവിച്ചാണ് അശോക് ഗെഹ്ലോട്ട് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് .തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും രണ്ടു കൊല്ലം കൊണ്ട് 6 സംസ്ഥാനങ്ങൾ ആണ് കോൺഗ്രസ് ബിജെപിക്ക് അടിയറവ് വെച്ചത് .മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനും കോൺഗ്രസിനെ കൈവിടും എന്നായിരുന്നു ഏവരും കരുതിയത് .എന്നാൽ ചിത്ര വ്യത്യസ്തമായി .ചിത്രം വ്യത്യസ്തമാകാൻ കാരണം ഉണ്ട് .അശോക് ഗെഹ്‌ലോട്ട് എന്ന മാന്ത്രികൻ .ഇത് മൂന്നാം തവണയാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നത് .1998 ലും 2008 ലും ഇപ്പോഴും .
തന്റെ രാഷ്ട്രീയ ജീവിതത്തിന് ഗെഹ്‌ലോട്ട് നന്ദി പറയുന്നത് ഇന്ദിരാ ഗാന്ധിയോടാണ് .പശ്ചിമ ബംഗാൾ അഭയാര്ഥികൾക്കിടെയുള്ള അശോക് എന്ന യുവാവിന്റെ പ്രവർത്തനം ആദ്യം ശ്രദ്ധിച്ചത് ഇന്ദിരാ ഗാന്ധിയാണ് .ഇന്ദിര അശോകിനെ എൻ എസ് യു ഐ രാജസ്ഥാൻ തലവനാക്കി .അന്ന് തൊട്ട് ഇന്ന് വരെ ഗാന്ധി കുടുംബത്തിന്റെ ഏറ്റവും ശക്തനായ വിശ്വസ്തൻ ആയി അശോക് ഗെഹ്‌ലോട്ട് .ഗില്ലി ബില്ലി എന്ന് വിളിക്കപ്പെട്ടിരുന്ന ഗെഹ്‌ലോട്ടിനെ പിന്നെ പാർട്ടിക്കാർ രാജസ്ഥാൻ ഗാന്ധി എന്ന് വിളിച്ചു .
ഗെഹ്‌ലോട്ടിന്റെ വളർച്ച തുടങ്ങുകയായിരുന്നു .രാജസ്ഥാൻ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.1980 ൽ അദ്ദേഹം പാര്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .പിന്നീട് നാലു തവണ കൂടി മത്സരിച്ചു ജയിച്ചു .1999 മുതൽ സർദ്ദാർപുര നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിക്കുന്നു .ഇതിനിടെ കേന്ദ്ര മന്ത്രിയുമായി .
ഈ അശോക് ഗെഹ്‌ലോട്ടിനെ മറിച്ചിടാനാണ് ബിജെപി കരുക്കൾ നീക്കിയത് .രാജ്യത്തെ മറ്റു ആറ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയത് ബിജെപിക്ക് രാജസ്ഥാനിൽ നടപ്പാക്കാൻ ആയില്ല .ഒരു വേള സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇടയും എന്ന് തോന്നിയപ്പോൾ തന്നെ ഗെഹ്‌ലോട്ട് ബി എസ് പിയുടെ ആറ് എംഎൽഎമാരെ ഒരുമിച്ച് കോൺഗ്രസുകാർ ആക്കി കളഞ്ഞു .
പാർട്ടിക്കുള്ളിലും പുറത്തും തികഞ്ഞ മാന്യനാണ് അശോക് ഗെഹ്‌ലോട്ട് .അതുകൊണ്ടാണ് സച്ചിൻ പൈലറ്റിനെ ഒന്നിനും കൊള്ളാത്തവൻ എന്ന് വിളിച്ചപ്പോൾ അത് ദേശീയ വാർത്ത ആയതും .ഗെഹ്‌ലോട്ടിൽ നിന്ന് അത്തരം വാക്കുകൾ ആരും പ്രതീക്ഷിക്കില്ല .ജനാധിപത്യമാണ് വെല്ലുവിളിക്കപ്പെടുന്നത് എന്ന് ഗെഹ്‌ലോട്ട് പറയുമ്പോൾ അത് കേൾവിക്കാർ ഗൗരവത്തോടെ എടുക്കുന്നത് അഞ്ചു പതിറ്റാണ്ടിലധികമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തന ചരിത്രം കൊണ്ടാണ് .
ബിജെപിയിലെ ഭിന്നിപ്പ് ഇതാദ്യമായി കോൺഗ്രസ്സ് മുതലെടുത്തത് രാജസ്ഥാനിൽ ആണ് .മോദിയുമായും ഷായുമായും വസുന്ധര രാജെ അത്ര അടുപ്പത്തിൽ അല്ലെന്നു ഗെഹ്ലോട്ടിനു നന്നായി അറിയാം .മാത്രമല്ല പ്രതിപക്ഷ നിരയിൽ ഉള്ളവരുമായി ഊഷ്മളമായ സൗഹൃദവും ഉണ്ട് .സച്ചിന്റെ വിമത നീക്കത്തെ പിടിച്ചു കെട്ടാൻ ഗെഹ്ലോട്ടിനായത് ഇതൊക്കെ കൊണ്ട് തന്നെയാണ് .