രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരിച്ചുള്ള പണി ,എംഎൽഎമാരെ ഒളിപ്പിക്കാൻ ബിജെപി
രാജസ്ഥാനിൽ കോൺഗ്രസിനുള്ളിൽ തർക്കം കണ്ട് തൂണും ചാരി ഇരിക്കുക ആയിരുന്നു ബിജെപി .എന്നാൽ പൊടുന്നനെ ആണ് സ്ഥിതിഗതികൾ മാറിയത് .തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ്സ് തട്ടിയെടുക്കുമോ എന്ന ഭയത്തിലാണ് ബിജെപി .ആദിവാസി മേഖലയിലെ എംഎൽഎമാർക്ക് ചാഞ്ചാട്ടം ഉണ്ടോ എന്ന ഭീതിയിലാണ് ബിജെപി .ഇവരെ തങ്ങളുടെ കൂടാരത്തിൽ തന്നെ നിലനിർത്താനുള്ള ശ്രമം ബിജെപി ആരംഭിച്ചു കഴിഞ്ഞു .
ചില എംഎൽഎമാരെ ബിജെപി കയ്യോടെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ് .കോൺഗ്രസ്സ് തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി പരാതിപ്പെട്ടു കഴിഞ്ഞു .മേവാർ മേഖലയിലെ എംഎൽഎമാരെ തട്ടിയെടുക്കാൻ കോൺഗ്രസ്സ് ശ്രമിച്ചുവെന്നതിനു തെളിവുണ്ടെന്നാണ് ബിജെപി പറയുന്നത് .
“ഉദയ്പൂർ ഡിവിഷനിൽ സർക്കാർ ഉദ്യോഗസ്ഥർ വഴി ഞങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ കോൺഗ്രസ് ശ്രമിച്ചു ഇതിനു തെളിവുണ്ട് .അതുകൊണ്ട്,ഞങ്ങളുടെ എംഎൽഎമാരെ സംരക്ഷിക്കാൻ എല്ലാവരെയും ഒരു സ്ഥലത്താക്കുക ആണ് “ബിജെപി സംസ്ഥാന പ്രെസിഡന്റ് സഞ്ജയ് പൂനിയ പറഞ്ഞു .
“പാർലമെന്ററി പാർട്ടി യോഗം,നിയമസഭാ ചേരുന്നതിനു മൂന്നു ദിവസം മുൻപ് വിളിച്ചു ചേർക്കും .ഇതിനിടയിൽ ചിലർ സോമനാഥ ക്ഷേത്രം കാണണം എന്ന് അഭ്യർത്ഥിച്ചു .അവർക്കതിന് അനുമതി നൽകി .”പൂനിയ കൂട്ടിച്ചേർത്തു .
ബിഎസ്പി എംഎൽഎമാരുടെ കോൺഗ്രസിലേക്കുള്ള ലയനം ഇപ്പോൾ നിയമക്കുരുക്കിലാണ് .ഈ സാഹചര്യത്തിൽ ആഗസ്റ്റ് ആറു മുതൽ ആദിവാസി മേഖലയിലെ എംഎൽഎമാരെ കോൺഗ്രസ്സ് ചൂണ്ട ഇടുന്നുവെന്നാണ് ബിജെപി പറയുന്നത് .ലയനം സംബന്ധിച്ച വിധി ഹൈക്കോടതി ഈ മാസം പതിനൊന്നിനാണ് പുറപ്പെടുവിക്കുക .
“എംഎൽഎമാർക്ക് ഞങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു .ആറിന് മുമ്പേ ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു .”പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാറിയ പറഞ്ഞു .
“കോൺഗ്രസ്സ് സർക്കാർ നിലം പതിക്കാൻ പോകുകയാണ് .അതുകൊണ്ട് ഗത്യന്തരമില്ലാതെ അവർ ഞങ്ങളുടെ എംഎൽഎമാരെ തേടി ഇറങ്ങിയിരിക്കുക ആണ് .അവർക്ക് സംരക്ഷണം നൽകേണ്ടത് ഞങ്ങളുടെ കടമ ആണ് .”കട്ടാറിയ കൂട്ടിച്ചേർത്തു .
അതേസമയം കോൺഗ്രസ്സ് ഈ ആരോപണം നിഷേധിച്ചു .””സർക്കാരിന് ഒരപകടവും ഇല്ല .കുതിരക്കച്ചവടം ബിജെപിയുടെ കുത്തക ആണ് .”കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ ഗോവിന്ദ് സിംഗ് പറഞ്ഞു .