NEWS

ജന്മഭൂമി ലേഖനത്തിന് വിശദീകരണവുമായി എസ് ആർ പി, താൻ ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ട്

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന ജന്മഭൂമി ലേഖനത്തിൽ വിശദീകരണവുമായി എസ് ആർ പി. താൻ ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും പതിനാറാം വയസ്സിൽ ആർഎസ്എസ് വിട്ടു എന്നും അദ്ദേഹം പറയുന്നു. രണ്ടു വർഷം മാത്രമാണ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നതെന്നും എസ് ആർ പി വിശദീകരിക്കുന്നു.

16 വയസിനു മുമ്പ് രണ്ടുവർഷം ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ പതിനാറാം വയസ്സിൽ താൻ ഭൗതികവാദി ആയി. ദേശീയവാദത്തേക്കാൾ സാർവദേശീയതയാണ് നല്ലതെന്ന് മനസിലാക്കി. അങ്ങനെയാണ് കമ്മ്യൂണിസത്തിലേക്ക് തിരിയുന്നത്. സങ്കുചിതമായ ദേശീയ വാദത്തേക്കാൾ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

അതുകൊണ്ടാണ് ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് പതിനെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തത്. കഴിഞ്ഞ 64 വർഷമായി താൻ പാർട്ടി അംഗമാണെന്നും എസ്ആർപി പറഞ്ഞു. രമേശ് ചെന്നിത്തല അല്ല സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്എസ് എന്ന് ബിജെപി മുഖപത്രം ജന്മഭൂമി ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് ശാഖയുടെ ചുമതലക്കാരൻ കൂടിയായിരുന്നു എസ് രാമചന്ദ്രൻപിള്ള എന്ന് ജന്മഭൂമി പറയുന്നു.

ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് ചുമതല വഹിച്ചിരുന്ന എസ്ആർപി സംഘത്തിന്റെ പ്രവർത്തനശിബിരത്തിലും പങ്കെടുത്തിട്ടുണ്ട് എന്ന് ജന്മഭൂമി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പിന്നീട് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായി. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മാന്യതയുടെ മുഖം ആണ് എസ് ആർ പി എന്നും ആ മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആർഎസ്എസ് സംസ്കാരമാണ് എന്നുമാണ് ലേഖനത്തിൽ പറയുന്നത്.

Back to top button
error: