NEWS

കോക്ക്പിറ്റ് വിട്ട പൈലറ്റ് -സച്ചിൻ പൈലറ്റ്

ഡൽഹി മാധ്യമങ്ങളിൽ നിങ്ങൾക്ക് ഒരു സുഹൃത്ത് എങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അശോക് ഗെഹ്‌ലോട്ട് പോലും കൂടെ വേണ്ട. രാജസ്ഥാനിൽ ഇപ്പോൾ കേൾക്കുന്ന പുതിയൊരു മുദ്രാവാക്യം അതാണ്. അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് യുദ്ധത്തിൽ ഡൽഹി മാധ്യമങ്ങളുടെ ചർച്ച ശ്രദ്ധിച്ചാൽ ഒന്നറിയാം. അവരുടെ ആംഗിൾ ജൂനിയറിനെ ഇല്ലാതാക്കാൻ സീനിയർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആയിരുന്നു സച്ചിൻ പൈലറ്റ്. സാധാരണ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിമാർക്ക് ആഭ്യന്തരം നൽകും. എന്നാൽ സച്ചിന് നൽകിയത് പൊതുമരാമത്ത് ആണ്. എന്നാൽ തന്റെ വകുപ്പിൽ തന്നെ വലിയ പദ്ധതികൾ നേരിട്ട് നടപ്പാക്കാൻ അനുമതിയുമുണ്ടായിരുന്നില്ല.

സർക്കാരിൽ സച്ചിൻ പൈലറ്റ് ഒരു കോ പൈലറ്റ് മാത്രമായിരുന്നു. കോക്ക്പിറ്റിന്റെ സർവ അധികാരവും ഗെഹ്ലോട്ടിനു ആയിരുന്നു. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ ആണ് ഗെഹ്‌ലോട്ട്. സച്ചിന് പ്രകോപനം സൃഷ്ടിച്ച് അദ്ധ്യേഹം ഒരു കുഴി കുഴിച്ചു. നിരാശയുടെ പടുകുഴിയിൽ വീണ സച്ചിൻ ആകട്ടെ ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ച് ആ കുഴിയിൽ വീണു. സച്ചിനെ ഒഴിവാക്കേണ്ടത് ഗെഹ്‌ലോട്ടിന്റെ ആവശ്യം ആയിരുന്നു. തന്റെ പിൻഗാമിയെ വാഴിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. എന്നാൽ ഗെഹ്‌ലോട്ടിന്റെ തട്ടകത്തിൽ വൈഭവ് ഗെഹ്ലോട്ടിനു കാലിടറി. ലോക്സഭാ ഇലക്ഷനിൽ ജൂനിയർ ഗെഹ്‌ലോട്ട് പരാജയപ്പെട്ടു.

Signature-ad

യഥാർത്ഥത്തിൽ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെക്ക് വെല്ലുവിളി ആയിരുന്നത് സച്ചിൻ പൈലറ്റ് തന്നെ ആയിരുന്നു. ആദ്യ തവണത്തേതിനേക്കാൾ ശ്രദ്ധാലു ആയിരുന്നു രണ്ടാം തവണ രാജെ. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിന്റെ നിർലോഭമായ പിന്തുണയും ഉണ്ടായിരുന്നു. മുതിർന്ന നേതാവെന്ന നിലക്ക് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു തിരിച്ചു വരവിനു കളമൊരുക്കാൻ അദ്ദേഹത്തിന് ധാരാളം സംഭാവന നൽകാൻ കഴിയുമായിരുന്നു. രാഹുൽ ഗാന്ധിയോട് സൗഹൃദം ഉണ്ടായിരുന്നെങ്കിലും രാജസ്ഥാനിൽ കഴിയാൻ ആയിരുന്നു സച്ചിന്റെ താല്പര്യം. തന്റെ സമയം വരുമെന്ന വിശ്വാസത്തിൽ സച്ചിൻ രാജസ്ഥാനിൽ കളമറിഞ്ഞു കളിച്ചു. പ്രക്ഷോഭങ്ങളിൽ അദ്ദേഹത്തിന്റെ ചെറുപ്പവും പ്രസരിപ്പും തുണയായി. ഗുജ്ജർ പ്രതീകം എന്നതിന് അപ്പുറം സച്ചിൻ യുവാക്കളുടെ നാവായി.

രാജസ്ഥാനിൽ ജയിക്കാൻ വേണ്ടതൊക്കെ സച്ചിൻ ചെയ്തുവച്ചു. ഇത്തവണ രാജെയെ തോൽപ്പിക്കുക എളുപ്പം ആയിരുന്നില്ല. അതിനു മുമ്പത്തെ ഗെഹ്‌ലോട്ട് സർക്കാർ വീണത് പോലെ രാജെ വീഴുമെന്നു കരുതാനും വയ്യായിരുന്നു. പക്ഷെ രാജെ വീണു. വിജയത്തിന്റെ അനുമോദനം സച്ചിനും കിരീടം ഗെഹ്ലോട്ടിനുമായി. സച്ചിൻ കലഹിച്ചു. പക്ഷെ ഹൈക്കമാൻഡ് മെരുക്കി. ഒടുവിൽ സച്ചിനെ ഉപമുഖ്യമന്ത്രി ആക്കി. സച്ചിൻ കയ്പുനീർ കുടിച്ചെങ്കിലും പാർട്ടി അതിനെ കണ്ടത് മറ്റൊരു തരത്തിൽ ആയിരുന്നു. ഓരോ സംസ്ഥാനങ്ങൾ ആയി ബിജെപിയിലേക്ക് ഒഴുകി പോകുമ്പോൾ രാജസ്ഥാൻ തടഞ്ഞു നിർത്താനായി. വലിയ സംസ്ഥാനങ്ങൾ മുതിർന്നവർ ഭരിക്കട്ടെ എന്ന തീരുമാനവും സച്ചിന് എതിരായി.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്‌ വിട്ടതും സച്ചിന് ഒരു പാഠമായി. മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിച്ച് സിന്ധ്യ ബിജെപിയുടെ ഭാഗമായി. സച്ചിൻ ഇത് വരെ കപ്പൽ വിട്ടിട്ടില്ല. പക്ഷെ ഹൈക്കമാൻഡ് എന്ത് തീരുമാനം എടുക്കും എന്നതാണ് കാര്യം. ജഗന് വൈ എസ് ആർ നൽകിയത് പോലുള്ള അനുഗ്രഹം സച്ചിന് കിട്ടിയിട്ടില്ല. കോൺഗ്രസിന്റെ ഭാഗ്യ നിർഭാഗ്യങ്ങൾക്ക് ഇരുപത്തി മൂന്നാം വയസിൽ മകനെ വിട്ടു കൊടുത്തു രാജേഷ് പൈലറ്റ് കടന്നു പോയി. കോൺഗ്രസ്‌ ലോക്സഭാ സീറ്റ് നൽകി സച്ചിനെ ഡൽഹിയിൽ കൊണ്ടു വന്നു. അവസരം കിട്ടിയപ്പോൾ മന്ത്രിയുമാക്കി.

എന്നാൽ ഇപ്പോൾ കോൺഗ്രസ്‌ സാഹചര്യം സച്ചിന് എതിരാണ്. ചെറുപ്പത്തിൽ മാജിക് കാണിച്ച് രാഹുലിനെയും പ്രിയങ്കയെയും ചിരിപ്പിച്ച് മജീഷ്യനെ വേണോ ഇരുവരുടെയും ആത്മാർത്ഥ സുഹൃത്തിനെ വേണോ എന്ന ചോദ്യത്തിന്റെ ആദ്യ ഉത്തരം മജീഷ്യനെ മതി എന്നതാണ്. എന്നാൽ രാജസ്ഥാനെ ഇളക്കി മറിച്ച് അധികാരം പിടിച്ചെടുത്ത ചെറുപ്പക്കാരനെ കൈവിടുന്നത് ഒരു പാർട്ടി എന്ന നിലക്ക് കോൺഗ്രസിനു നല്ലതല്ല. മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ ഇടറുന്നത് തെരഞ്ഞെടുക്കലുകളിൽ ആണ്. ഊർജവും ചെറുപ്പവും കുടഞ്ഞെറിഞ്ഞു കഴിഞ്ഞാൽ രാജസ്ഥാൻ മരുഭൂമിയിലെ വരണ്ട കാറ്റാകാനാകും കോൺഗ്രസിന്റെ വിധി.

One Comment

Back to top button
error: