KeralaNEWS

ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു: സുരേന്ദ്രനെതിരേ കാസര്‍ഗോഡ് പോസ്റ്റര്‍

കാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ പോസ്റ്റര്‍. ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രന്‍ സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് പോസ്റ്റര്‍. സുരേന്ദ്രന്‍ ഇന്ന് വൈകുന്നേരം കുമ്പളയില്‍ ബി.ജെ.പി പൊതുപരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
കാസര്‍ഗോഡ് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനാക്കാന്‍ ബി.ജെ.പി പിന്തുണ നല്‍കിയതിനെതിരേ ജില്ലയില്‍ നേരത്തെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.

കെ.സുരേന്ദ്രന്റെ ചിത്രത്തിനൊപ്പം ”കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്. പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും വരെ പോരാടുക” എന്നെഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.

Signature-ad

സ്വന്തം തട്ടകമായ കാസര്‍ഗോഡ് വലിയ എതിര്‍പ്പാണ് സുരേന്ദ്രനെതിരെ ഉയരുന്നത്. മുന്‍ ജില്ലാ പ്രസിഡന്റടക്കമുള്ളവരാണ് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടാത്തിയതെന്നും ജില്ലയിലെ മൂന്ന് നേതാക്കള്‍ക്കെതിരേ നടപടി എടുക്കണമെന്നും ഒരു വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം നടപടി എടുത്തില്ല. ഇതില്‍ കാസര്‍ഗോഡ് ബി.ജെ.പിയിലെ ഒരു വിഭാഗം വലിയ അമര്‍ഷത്തിലായിരുന്നു. അതേസമയം, വാര്‍ത്തയായതിന് പിന്നാലെ അണികളെത്തി പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

 

 

 

Back to top button
error: