കോഴിക്കോട്: ഉള്ള്യേരിയില്‍ സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് യാത്രക്കാരെ ബസ് ജീവനക്കാര്‍ പെരുവഴിയിലിറക്കി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ താഴെ ഭാഗത്താണ് സംഭവം.
കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടുന്ന ‘പുലരി’ ബസിനെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച അപകടകരമാംവിധം ഓടിച്ച ബസില്‍നിന്ന് പ്രദേശവാസികളായ ദമ്പതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ ബസ് തടഞ്ഞു. സംസാരത്തിനിടെ പ്രകോപിതരായ ബസ് ജീവനക്കാര്‍ പ്രശ്നമുണ്ടാക്കുകയുമായിരുന്നുവെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, ബസ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. നാട്ടുകാരും അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ബസില്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ ഏറെനേരം പെരുവഴിയിലായി. പിന്നാലെ വന്ന ബസുകളിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്.
സംഭവം നടന്ന പുളിക്കൂല്‍ താഴെ ഭാഗത്ത് ഏതാനും മാസങ്ങള്‍ക്കിടെ മൂന്നു ബസ് അപകടങ്ങള്‍ ഉണ്ടാവുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്വകാര്യ ബസുകള്‍ ഇപ്പോഴും അപകടഭീതി ഉയര്‍ത്തി അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.