ഡോ.ജെ ബി വിളനിലം അന്തരിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസലറാണ്. 87 വയസ്സായിരുന്നു.
സംസ്കാരം യുഎസ്സിലുള്ള മകൻ വന്നശേഷം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് താമസം.
1935ൽ സ്കൂൾ അധ്യാപകരായ ചാണ്ടി വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ മകനായി ചെങ്ങന്നൂരിലാണ് വിളനിലം ജനിച്ചത്. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം തിരുവല്ല മാർത്തോമാ കോളജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽനിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന് 1975ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചു.
കേരള സർവകലാശാലയിൽ മാധ്യമപഠന വകുപ്പ് ആരംഭിച്ചപ്പോൾ അധ്യാപകനായി നിയമിക്കപ്പെട്ട വിളനിലം, 1992ൽ വൈസ് ചാൻസലറായി നിയമിതനായി. ഇംഗ്ലിഷ്, മലയാളം മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ വിദ്യാർഥികളായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിന് തുടക്കമിട്ടത് വിളനിലമായിരുന്നു
വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിളനിലത്തിനെതിരെ ദീർഘകാലം സമരം ചെയ്തിരുന്നു. യോഗ്യത വ്യാജമാണെന്ന ആരോപണം സർക്കാർ നിയോഗിച്ച കമ്മീഷൻ തള്ളി.
മാസങ്ങൾ നീണ്ട സമരത്തിൽ നിന്ന് എസ്എഫ്ഐ ഒടുവിൽ പിന്മാറുകയായിരുന്നു.