തൃശ്ശൂർ: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ആളുകളെ പിടികൂടാൻ മേലുദ്യോഗസ്ഥൻ നിശ്ചയിച്ചു നൽകിയ ക്വാട്ട തികയ്ക്കാത്ത പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി. തൃശൂർ കൺട്രോൾ റൂമിലാണ് സംഭവം. കഴിഞ്ഞ 14 ന് രാത്രിയാണ് മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേരെയെങ്കിലും പിടികൂടാൻ മോഹനകുമാരൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സി ഐ നിർദ്ദേശം നൽകിയത്.
പരിശോധനയിൽ ഒരാളെ മാത്രമാണ് പിടികൂടാനായത്. തുടർന്നാണ് സി ഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് കാരണം കാണിക്കൽ നോട്ടീസ് പറയുന്നത്.
48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നു കൺട്രോൾ റൂം സി ഐ ശൈലേഷ് കുമാർ കാരണം കാണിക്കൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകി. തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണർക്കും പകർപ്പ് സൂചിപ്പിക്കുന്ന നോട്ടീസ് 17-10-2022 തീയതിയിലാണ് നൽകിയിരിക്കുന്നത്.