പട്‌ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഞ്ചരിച്ച ബോട്ട് ഗംഗാനദിയില്‍ ജെ.പി സേതു പാലത്തിലെ തൂണിലിടിച്ചു. അപകടമുണ്ടായെങ്കിലും ബോട്ടില്‍ യാത്ര ചെയ്തവരെല്ലാം സുരക്ഷിതരാണ്. ജലവിഭവ മന്ത്രി സഞ്ജയ് ഝായും മുഖ്യമന്ത്രിക്കൊപ്പം ബോട്ടിലുണ്ടായിരുന്നു.
ഛാഠ് പൂജയ്ക്ക് പട്‌നയിലെ ഗംഗാ ഘാട്ടുകളിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവേയാണ് അപകടം. ഈ മാസം 30, 31 തീയതികളിലാണ് ബിഹാറില്‍ ഏറെ പ്രാധാന്യമുള്ള ഛാഠ് പൂജ നടക്കുന്നത്. ബോട്ടിനുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണു നിയന്ത്രണം വിട്ടു തൂണിലിടിച്ചതെന്നു പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ.ചന്ദ്രശേഖര്‍ സിങ് അറിയിച്ചു.
അപകടത്തിനു ശേഷം മുഖ്യമന്ത്രിയെയും സംഘത്തെയും സുരക്ഷിതരായി മറ്റൊരു ബോട്ടിലേക്കു മാറ്റി കരയ്‌ക്കെത്തിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ കാരണം ഗംഗയിലെ ജലനിരപ്പ് പലയിടത്തും അപകടനിലയ്ക്കു മുകളിലാണ്.