CrimeNEWS

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ വിധി 20ന്

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം അഡി.സെഷന്‍സ് കോടതി 20ന് വിധി പറയും. കേസില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് എല്‍ദോസ് കുന്നപ്പിള്ളിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ എല്‍ദോസിനെ കൂടാതെ സ്വാധീനമുള്ള പ്രതികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. യുവതി പരാതി നല്‍കിയിട്ടും യഥാസമയം കേസെടുക്കാത്തത് പ്രതിയുടെ സ്വാധീനമാണ് കാണിക്കുന്നത്. കോവളം സി.ഐയ്‌ക്കൊപ്പം ചില സ്വാധീനമുള്ള ആളുകളും കേസ് ഒതുക്കിത്തീര്‍ക്കാന്‍ നോക്കി. എല്‍ദോസിനെതിരേ എഫ്.ഐ.ആര്‍ എടുത്ത ദിവസം മാത്രമാണ് അദ്ദേഹത്തിന്റെ ഫോണ്‍ മോഷണം പോയതായി ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. ജാമ്യം അനുവദിക്കുന്നത് യുവതിയുടെ ജീവനു ഭീഷണിയാകുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചോ എന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. ശേഖരിച്ചു വരികയാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

Signature-ad

ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളില്‍ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികള്‍ക്കെതിരേ കേസ് നല്‍കുന്നയാളാണ് പരാതിക്കാരിയെന്ന് പ്രതിഭാഗം വാദിച്ചു. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. സര്‍ക്കാരും മാധ്യമങ്ങളുമാണ് പരാതിക്കാരിയെ സംരക്ഷിക്കുന്നത്. എല്‍ദോസിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നത് അടിസ്ഥാനരഹിതമാണ്. മുന്‍പ് സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ പീഡനപരാതി നല്‍കിയ ആളാണ് പരാതിക്കാരി. അവര്‍ക്കെതിരെ വാദിയായും പ്രതിയായും എഴു കേസുകളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി എല്‍ദോസ് കുന്നപ്പിള്ളി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28 നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മിഷണര്‍ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സി.ഐയെ സ്ഥലം മാറ്റിയിരുന്നു.

പരാതിക്കാരിയെ വിഴിഞ്ഞത്തെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിച്ച് തെളിവെടുക്കുകയാണ്. എല്‍ദോസ് ഇവിടെവച്ച് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ക്രൈംബ്രാഞ്ച് എ.സിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. കോവളം ഗെസ്റ്റ് ഹൗസില്‍ എത്തിച്ചും മൊഴി എടുക്കും.

Back to top button
error: