ചെന്നൈ: മന്ത്രവാദവും നരബലിയും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തമിഴ്നാട് തിരുവണ്ണാമലയില്‍ പോലീസ് വീട് തകര്‍ത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരെയും മന്ത്രവാദിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നുന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ വീടിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജെ.സി.ബി. കൊണ്ട് വന്നു വാതില്‍ തകര്‍ത്താണ് റവന്യൂ വകുപ്പ് അധികൃതരും പോലീസും വീടിനുള്ളില്‍ കയറിയത്.
തിരുവണ്ണാമല ജില്ലയിലെ ആറണിയിലാണ് സംഭവം. ഇവിടെ ഒരു വീട്ടില്‍ രണ്ട് ദിവസമായി പൂജ നടന്നു വരികയായിരുന്നു. രണ്ടാം ദിവസം രാത്രി വീട്ടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദവും മറ്റും കേട്ടു. ഇതോടെ പൂജയെക്കുറിച്ച് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ സ്ഥലത്ത് എത്തിയ തസില്‍ദാരും പോലീസും മുട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലര്‍ച്ചയും തുടരുകയും ചെയ്തു.
പൂജയിലാണെന്നും ഇത് തടസപ്പെടുത്തിയാല്‍ കഴുത്തറുത്ത് മരിക്കുമെന്നും വീട്ടിലുള്ളവര്‍ ഭീഷണിപ്പെടുത്തി. മൂന്നാം ദിവസം പൂജ കഴിഞ്ഞാല്‍ നരബലി ഉണ്ടെന്നും ഫലപ്രാപ്തി ലഭിച്ചാല്‍ മാത്രമേ പുറത്ത് വരികയുള്ളൂ എന്നും പറഞ്ഞു. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതില്‍ തകര്‍ത്ത് പോലീസ് സംഘം വീടിന്റെ അകത്തു കയറുകയായിരുന്നു. മുറിവേറ്റ് ചോര ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങള്‍. മുറിയിലാകെ പാവകള്‍ നിരത്തിയിട്ടിരുന്നു.
തുടര്‍ന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ മന്ത്രവാദി പ്രകാശ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് ദിവസം വീടടച്ചിട്ടുള്ള പൂജ എന്തിനായിരുന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.