CrimeNEWS

ഷാഫിയുടെ ‘ശ്രീദേവി’ അക്കൗണ്ട് വീണ്ടെടുത്തു; നൂറിലേറെ പേജുകള്‍ വരുന്ന സന്ദേശങ്ങള്‍

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ഇരകളെ വലയിലാക്കാന്‍ ഉപയോഗിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് അന്വേഷണ സംഘം. ഇയാളുടെ മൂന്നു വര്‍ഷത്തെ ഫെയ്‌സ്ബുക്ക് ചാറ്റുകളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. നൂറിലേറെ പേജുകള്‍ വരുന്ന ചാറ്റുകളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവ പരിശോധിച്ച് മറ്റാരെങ്കിലും ഇയാളുടെ വലയില്‍ കുടുങ്ങിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

2019 മുതല്‍ പ്രതി ‘ശ്രീദേവി’ എന്ന പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു ചാറ്റ് ചെയ്താണ് ഭഗവല്‍ സിങ്ങുമായി അടുപ്പമുണ്ടാക്കുന്നതും വലയിലാക്കുന്നതും. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മുഹമ്മദ് ഷാഫി എന്നാണ് കഴിഞ്ഞ ദിവസം പോലീസ് വെളിപ്പെടുത്തിയത്. ഇയാള്‍ നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ല എങ്കിലും ഫെയ്‌സ്ബുക്കില്‍ കൂടി കൂടുതല്‍ ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു എന്നും പോലീസ് പറയുന്നു.

Signature-ad

പ്രതികള്‍ മറ്റാരെയെങ്കിലും വലയിലാക്കി അപായപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസിന് ആശങ്ക ശക്തമാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അറിയാനാണ് പ്രാഥമിക ഘട്ടത്തില്‍ ശ്രമിക്കുക. ഇവരുമായി സ്ഥിരമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരില്‍ ആരെയെങ്കിലും കാണാതായി എന്ന പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: