CrimeNEWS

ഒന്നിച്ച് മദ്യപിച്ച്, ഭക്ഷണം കഴിച്ച്, ഒരേ കട്ടിലില്‍ കിടന്നു; ഒടുവില്‍ തലതല്ലിത്തകര്‍ത്ത് വായി കമ്പി കുത്തിക്കയറ്റി

ഇടുക്കി: മറയൂര്‍ പെരിയകുടിയില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി സുരേഷുമായി പോലീസ് തെളിവെടുപ്പു നടത്തി. അതിനു പിന്നാലെ കൊലയ്ക്കുശേഷം ചന്ദന റിസര്‍വിനുള്ളില്‍ ഒളിപ്പിച്ചുവച്ച കമ്പി കണ്ടെടുത്തു. പ്രതിയെ ശനിയാഴ്ച ഉച്ചയോടുകൂടി സമീപത്തുള്ള വനമേഖലയില്‍നിന്ന് പിടികൂടിയിരുന്നു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രതിയുടെ മൊഴി. തെളിവെടുപ്പ് സമയത്തും തുടര്‍ന്നും യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് സുരേഷ് പെരുമാറിയത്. തെളിവെടുപ്പിനായി കുടിയിലെത്തിക്കുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമേ കൊലപാതകംനടന്ന വീടിന് സമീപം എത്തിയുള്ളൂ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട തീര്‍ഥമലക്കുടി സ്വദേശി രമേശിന്‍െ്‌റ അമ്മാവന്‍െ്‌റ മകനാണ് സുരേഷ്. ഒരു മാസമായി പെരിയകുടിയില്‍ താമസിക്കുന്ന രമേശ് കൃഷിപ്പണികള്‍ക്കിടെയാണ് അമ്മാവന്‍െ്‌റ വീട്ടിലെത്തിയത്. സംഭവദിവസം രമേശ് വാങ്ങിക്കൊണ്ടുവന്ന മദ്യം ഇരുവരും കുടിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇതിനിടയില്‍ സ്ഥലത്തിന്റെ കാര്യം ഉയര്‍ന്നുവന്നു. സ്ഥലംതന്നില്ലെങ്കില്‍ കൊല്ലുമെന്നൊക്കെ രമേശ് പറഞ്ഞെങ്കിലും സുരേഷ് ഒന്നും സംസാരിച്ചില്ല. പിന്നീട്, ഇരുവരും ഒരുകട്ടിലില്‍ ഒന്നിച്ചുകിടന്നു.

Signature-ad

രമേശ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം സമീപം പണിതുകൊണ്ടിരുന്ന വീട്ടില്‍നിന്ന് ആണിപറിക്കുന്ന ഒരുകമ്പിയും ഒരു ഇരുമ്പുപൈപ്പും കൊണ്ടുവന്ന്, നല്ല ഉറക്കത്തിലായിരുന്ന രമേശിന്റെ തലയ്ക്ക് ഇരുമ്പുപൈപ്പുകൊണ്ട് നിരവധി തവണ അടിച്ചു. ആദ്യത്തെ അടിയില്‍തന്നെ ഒന്ന് അനങ്ങാന്‍പോലും കഴിയാതെയായി രമേശ്. പിന്നീട് ആണിപറിക്കുന്ന കമ്പി വായില്‍കൂടി കുത്തിയിറക്കി. കൃത്യം നടത്തിയശേഷം ഇരുമ്പുപൈപ്പുമായി പുറത്തിറങ്ങിയ സുരേഷ് നടന്ന് മറയൂര്‍ മേഖലയില്‍ വന്നു. സമീപവാസികള്‍ കുടിയിലുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു.

രാത്രി 12.30-ന് പോലീസ് സംഘം കുടിയിലെത്തിയപ്പോഴേക്കും രമേശ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ചു. ഞായറാഴ്ച തീര്‍ഥമലക്കുടി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

 

 

 

Back to top button
error: