MovieNEWS

റോഷാക്ക് വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവം, ചിത്രം സമ്മാനിച്ച ഞെട്ടലിൽ നിന്ന് മോചിതരാകാതെ യുവ പ്രേക്ഷകർ

ആർപ്പുവിളിക്കാനും ആരവങ്ങളുയർത്താനും, താരം പ്രവേശിക്കുമ്പോൾ കയ്യടിച്ചും ചൂളം വിളിച്ചും തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കാനും ഒരുങ്ങി വരുന്ന പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പതിവ് മസാലക്കൂട്ടുകളൊന്നും ‘റോഷാക്കി’ൽ ഇല്ല. എല്ലാ കലാരൂപങ്ങളും ആസ്വദിക്കാൻ അനുവാചകരുടെ ഭാഗത്തു നിന്നു കൂടി ഒരു ശ്രമം വേണം എന്ന സത്യത്തെ സാധൂകരിക്കുന്നു ഈ ചിത്രം. എല്ലാം തികഞ്ഞൊരു സൈക്കോ ത്രില്ലർ മൂവി എന്ന് നിസംശയം വിശേഷിപ്പിക്കാം ഈ ചിത്രത്തെ.

നെടുനീളൻ സംഭാഷണങ്ങളും അതിനാടകീയതയും നിറഞ്ഞ ഒരു പതിവ് മസാലക്കൂട്ടല്ല ‘റോഷാക്ക്’. താരമൂല്യത്തിൻ്റെ വാരിക്കുഴിയിൽ ബന്ധിതനായ ഒരു നായകനുമല്ല മമ്മൂട്ടി ഈ ചിത്രത്തിൽ. പകരം കഥയ്ക്ക് സഞ്ചരിക്കാൻ തന്റെ ശരീരവും ശബ്ദവും ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിനു കടം കൊടുത്ത, പ്രധാനനടനെന്നു വിളിക്കപ്പെടാവുന്ന ഒരു വെൻഡർ മാത്രമാണ് ഈ ചിത്രത്തിൽ മമ്മൂട്ടി.
എണ്ണം കുറവെങ്കിലും റോഷാക്കിൽ എത്തിയ എല്ലാ നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ മത്സരിച്ച് ഏറ്റുമുട്ടിയ മൂന്നുപേരെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഒന്നാമത്തേത് ബിന്ദു പണിക്കർ എന്ന നടിയാണ്. സൂത്രധാരനിലെ ദേവുമ്മയ്ക്ക് ശേഷം നന്മകൾ നിറഞ്ഞ നാട്ടിൻപുറത്തെ സാധുസ്ത്രീയുടെ മേൽമൂടിയിൽ തീർത്തും അസാധ്യം എന്നു തന്നെ പറയാവുന്ന ഒരു കർത്തവ്യം തന്നെയാണ് ബിന്ദു പണിക്കർ പൂർത്തികരിച്ചിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിന് ഉൾക്കരുത്താകുന്ന ശബ്ദം തന്നെ ബിന്ദു പണിക്കർ എന്ന നടിയും പ്രയോഗിച്ചിരിക്കുന്നു. പ്രത്യേകിച്ച് അവസാന അരമണിക്കൂറിൽ സകല കഥാപാത്രങ്ങളെയും പിന്നിലാക്കി കാണികളെ അമ്പരപ്പിക്കും വിധം തന്നെ നിറഞ്ഞാടുന്നുണ്ട് അവരുടെ കഥാപാത്രം. അതും മറ്റൊരു നടിയെക്കൊണ്ടും കഴിയാത്ത വിധം സ്വന്തം പ്രതിഭ എന്തെന്ന് തെളിയിച്ചു തരുന്നു ‘റോഷാക്കി’ലൂടെ ബിന്ദു പണിക്കർ.

Signature-ad

രണ്ടാമത് ഗ്രേസ് ആന്റണിയാണ്. താൻ അഭിനയിക്കുന്ന ഓരോ സീനിലും താൻ തന്നെയാകണം അല്ലെങ്കിൽ താൻ മാത്രമാകണം എന്ന അപാരമായൊരു വാശി ഗ്രേസിനുള്ളിൽ കാണാം. പറഞ്ഞു നിർത്തുന്നയിടത്ത്, അണുവിട പോകാതെ വൈകാരിക ക്ഷോഭങ്ങളെ ചങ്ങലയ്ക്കിട്ടു നിർത്തി മുഖം കൊണ്ടു മിണ്ടാതെ മിണ്ടുമ്പോഴൊക്കെ അവരെക്കാൾ അനുഭവസമ്പത്തുള്ള ഒരു നടിയായി സ്വയം മാറുന്നുണ്ട് ഗ്രേസ്. ഒറ്റയ്ക്ക് പൊരുതി സിംഹാസനവും കിരീടവും കീഴടക്കിയ ഉർവശിയെന്ന നടിയെപ്പോലെ തന്നെ ഗ്രേസ് ആന്റണിയും അവരുടെ പാത തെളിച്ചു കഴിഞ്ഞു. ഇനിയുള്ളത് കാലം തീരുമാനിക്കട്ടെ.

ഷറഫുദ്ദീൻ എന്ന നടനും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രേമത്തിലെ ‘ഗിരിരാജൻ കൊഴി’യാണ് അരങ്ങേറ്റ ചിത്രമെന്ന നിലയിൽഷറഫുദ്ദീനെ ശ്രദ്ധേയനാക്കായതെങ്കിലും വരത്തൻ, ഹാപ്പി വെഡ്ഡിങ്, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലൂടെ സ്വന്തമായൊരു ഇരിപ്പിടം നേടി ഈ നടൻ. ‘റോഷാക്കി’ൽ നിറഞ്ഞാടുന്നുണ്ട് ഈ നടൻ. അലസമായ നടപ്പിലും ഇരുപ്പിലും സംസാരത്തിനുമപ്പുറം കഥാപാത്രമായി മാറി ഷറഫുദ്ദീൻ.

മമ്മൂട്ടിയുടെ നിഴലായി ജോർജും ഉണ്ട് ഈ ചിത്രത്തിൽ. വൺവേ ടിക്കറ്റിൽ നടൻ മമ്മുട്ടിയുടെ മേക്കപ്മാൻ ജോർജായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. ‘റോഷാക്കി’ൽ രണ്ടോ മൂന്നോ ചെറിയ സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും ഒരു പോസിറ്റീവ് വൈബ് പ്രകടിപ്പിക്കുന്നുണ്ട് ജോർജ്. മേക്കപ് മാൻ എന്നോ മാനേജരോ സഹായിയോ പ്രൊഡ്യൂറോ എന്നൊ വിശേഷണങ്ങൾ ഏതൊക്കെ ചാർത്തിയാലും മമ്മൂട്ടിയുടെ മനോഗത മറിഞ്ഞ് കഴിഞ്ഞ കാൽനൂറ്റാണ്ടായി നിഴൽ പോലെ ജോർജ് പിന്നിലുണ്ട്.
ജോർജിനെ ചിത്രത്തിൽ കണ്ടപ്പോൾ സന്തോഷം തോന്നി.
ചിത്രത്തിൽ മാസ്ക്ക് ധരിച്ച് ദിലീപായി വന്ന ആസിഫ് അലി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

വ്യത്യസ്തമായ മൂഡാണ് റോഷാക്കിൻ്റെ സവിശേഷത. ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ മാത്രം അനുഭവിക്കാനാവുന്ന മൂഡ്. മേക്കിംഗിൽ മലയാളത്തിലെ മറ്റൊരു സിനിമയും റോഷാക്കിനൊപ്പം വരില്ലെന്ന് നിസംശയം പറയാം. സാങ്കേതികമായി ഇത്രത്തോളം കൃത്യതയാർന്ന ഒരു ട്രീറ്റ്‌മെന്റ് ഈ അടുത്ത കാലത്ത് സംഭവിച്ചിട്ടില്ല എന്നു വേണം കരുതാൻ. സിനിമാട്ടോഗ്രാഫി, പശ്ചാത്തലസംഗീതം, എഡിറ്റിംഗ് എന്നീ വിഭാഗങ്ങൾ സിനിമയുടെയും കണ്ടിരിക്കുന്ന പ്രേക്ഷകന്റെയും നാഡിമിടിപ്പ് അളന്നു തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗംഭീരമായ ഒരു തീയറ്റർ എക്സ്പീരിയൻസ് തന്നെ സിനിമ എന്ന് നുറു ശതമാനം സത്യസന്ധതയോടെ പറയാം.

Back to top button
error: