തുറവൂര്‍: എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ഘണ്ടാകര്‍ണ ദേവീക്ഷേത്രത്തില്‍ മോഷണം. കഴിഞ്ഞദിവസം രാത്രി ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് അകത്തു കയറി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ ആഭരണം കവര്‍ന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പുലികളിക്ക് ധരിക്കുന്ന മുഖംമൂടി തലയുടെ മുന്നിലും പിന്നിലും അണിഞ്ഞാണ് മോഷ്ടാവ് അകത്ത് കയറിയത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ മണിച്ചിത്രത്താഴാണ് പൊളിച്ചത്. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ ആഭരണമാണു വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നത്. 5 മിനിറ്റ് കൊണ്ട് കവര്‍ച്ച നടത്തി കടന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി. അരൂര്‍ പോലീസ് കേസെടുത്തു.