KeralaNEWS

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി, മൂത്ര സഞ്ചിയില്‍ കുത്തിനിന്നത് അഞ്ച് വര്‍ഷം; ഒടുവില്‍ പുറത്തെടുത്തു, അന്വേഷണം

കോഴിക്കോട്: ”ഇനി മറ്റൊരാള്‍ക്കും ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ ദുരിതമാണ് അനുഭവിച്ചത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാന്‍ നേരിട്ട പ്രയാസത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം” -പ്രസവശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചുവര്‍ഷം ജീവിക്കേണ്ടിവന്ന ഹര്‍ഷിനയുടെ വാക്കുകളില്‍ രോഷം നിറയുന്നു. അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ കാസിം-റാബിയ ദമ്പതിമാരുടെ മകളും പന്തീരാങ്കാവ് മലയില്‍കുളങ്ങര അഷ്റഫിന്റെ ഭാര്യയുമാണ് മുപ്പതുകാരിയായ ഹര്‍ഷിന.

2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍വെച്ചായിരുന്നു ഹര്‍ഷിനയുടെ ആദ്യ രണ്ടുപ്രസവങ്ങളും നടന്നത്. രണ്ടിലും ശസ്ത്രക്രിയ വേണ്ടിവന്നു. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു നടന്നത്. അതിനുശേഷമാണ് ഹര്‍ഷിനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്.

Signature-ad

വേദനയും ആരോഗ്യപ്രശ്നങ്ങളുമായതോടെ പല ഡോക്ടര്‍മാരെയും മാറിമാറി കാണിച്ചു. ഒട്ടേറെ മരുന്നുകളും കഴിച്ചു. പ്രസവം നിര്‍ത്തിയതിനാലും സിസേറിയന്‍ ആയതിനാലുമുള്ള വിഷമതകളാവാമെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടത്. പിന്നീട് കഴിഞ്ഞ അഞ്ചാറുമാസത്തിനിടെയാണ് വേദന കലശമായത്. മൂത്രത്തില്‍ പഴുപ്പുവന്ന് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. സാധാരണ സ്‌കാനില്‍ യൂറിനറി ബ്ലാഡറില്‍ എന്തോ തടസമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ സി.ടി. സ്‌കാന്‍ ചെയ്തു. അപ്പോഴാണ് യൂറിനറി ബ്ലാഡറിനോട് ചേര്‍ന്ന് 6.1 സെന്റീമീറ്റര്‍ നീളമുള്ള ഒരു ലോഹഭാഗം കുത്തിനില്‍ക്കുന്നതായി കാണുന്നത്. ശസ്ത്രക്രിയക്കിടെ സംഭവിച്ചതാവാമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കുതന്നെ റഫര്‍ചെയ്തു. സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റിലുണ്ടായിരുന്നത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയാണെന്ന് വ്യക്തമായത്. യൂറിനറി ബ്ലാഡറിലേക്ക് അപകടകരമായനിലയില്‍ കുത്തിനില്‍ക്കുന്നനിലയിലായിരുന്നു കത്രിക.

സെപ്റ്റംബര്‍ 28-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍തന്നെ ആരോഗ്യമന്ത്രിക്കും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതിനല്‍കുകയായിരുന്നു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് പോലീസിലും പരാതിനല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി മൂന്നംഗ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.വി. ഗോപി പറഞ്ഞു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി, സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുക. അന്വേഷണറിപ്പോര്‍ട്ട് ഡി.എം.ഇയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അതിനിടെ, യുവതിയുടെ പരാതിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

 

 

 

Back to top button
error: