ഇടുക്കി: ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയ പത്തൊൻപതുകാരിയെ ആക്രമിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി. ഇടുക്കി തൊടുപുഴയിലാണ് സംഭവം. മുട്ടം മേപ്പുറത്ത് ജോമോനാണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവ സമയത്ത് ജോമോനും ജോമോന്‍റെ ഭാര്യ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ജോമോൻ്റെ ഭാര്യയും മകളും ഡോക്ടറെ കാണാൻ പോയിരിക്കുകയായിരുന്നു. ഈ സമയം ജോമോൻ്റെ മകൾ പെൺകുട്ടിയെ വിളിച്ച് മുത്തശിക്ക് ഇൻസുലിൻ നൽകാൻ വീട്ടിലേയ്ക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ പെൺകുട്ടി പ്രതിയുടെ ഭാര്യ മാതാവിന് ഇൻസുലിൻ നൽകി. മടങ്ങാൻ തുടങ്ങിയപ്പോൾ തങ്ങൾ അടുത്ത ആഴ്ച വിദേശത്തേക്ക് പോകുന്നതിനാൽ വീട്ടിലെ വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്ന രീതി മറ്റും കാണിച്ചു നൽകാമെന്ന പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. ഇവിടെ വച്ച് പെൺകുട്ടിയെ ജോമോൻ കടന്നുപിടിക്കുകയും കവിളിൽ കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു.
പ്രതിയെ തള്ളി മാറ്റായാണ് പെൺകുട്ടി ഓടി രക്ഷപ്പെട്ടത്. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുള്ള പെൺകുട്ടി വീട്ടിലെത്തിയപ്പോൾ തലകറങ്ങി വീണിരുന്നു. രക്ഷകർത്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോമോനെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.