ഭുവനേശ്വര്‍: രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ‘ഹണിട്രാപ്പില്‍’ കുരുക്കി പണം തട്ടിയ യുവതി പിടിയില്‍. പാലസുനി സത്യവിഹാര്‍ സ്വദേശിനി അര്‍ച്ചന നാഗ് (25) എന്ന യുവതിയെയാണ് ഒഡീഷാ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍, രണ്ടു പെന്‍ഡ്രൈവ്, ഡയറി എന്നിവയും പിടിച്ചെടുത്തു.
കേസിനെപ്പറ്റിയും ഹണിട്രാപ്പില്‍ കുരുങ്ങിയവരെക്കുറിച്ചും മാധ്യമങ്ങളോടു വിശദീകരിക്കാന്‍ പോലീസ് തയാറായില്ല. പ്രമുഖ നേതാക്കളും വി.ഐ.പികളും ഉള്‍പ്പെട്ടതിനാലാണു കേസ് നടപടികള്‍ പോലീസ് രഹസ്യമാക്കി വയ്ക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയതെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു.
ഒഡിയ സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു. അര്‍ച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വന്‍ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പോലീസ് വൃത്തങ്ങള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രമുഖര്‍ക്കായി അര്‍ച്ചന വലവിരിക്കുക. വേഗത്തില്‍ അടുപ്പമുണ്ടാക്കി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കും. പിന്നെയാണു ഭീഷണിയും പണം തട്ടിയെടുക്കലും. അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം തുടരുകയാണ്.