കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്ന ശേഷം വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന പരാതി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. മുപ്പത്തിമൂന്നുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വിവാഹ വാഗ്ദാനത്തില്‍നിന്ന് പുരുഷന് പിന്മാറിയാല്, നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. അല്ലാത്തപക്ഷം ലൈംഗികബന്ധത്തിനുള്ള സമ്മതം ദുരുദ്ദേശ്യത്തോടെ നേടിയതാണെന്നോ വിവാഹ വാഗ്ദാനം പാലിക്കാന്‍ ഉദ്ദേശ്യമില്ലാതെ നല്‍കിയതാണെന്നോ തെളിയിക്കാനാവണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.
ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നെന്ന് വ്യക്തമാണ്. ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പുരുഷന് വിവാഹ വാഗ്ദാനം നല്‍കിയതെന്ന് തെളിയിക്കാനായിട്ടില്ലെന്ന് കോടതി പറഞ്ഞു.
2010 നും 2019 നും ഇടയില്‍ ഗല്ഫിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുമായി, വിവാഹ വാഗ്ദാനത്തിന്റെ മറവില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2010 ലാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 2013 ല്‍ യുവാവ് വിവാഹിതനാണെന്ന് യുവതി അറിഞ്ഞു. എന്നിട്ടും 2019 വരെ ബന്ധം തുടര്‍ന്നതിനു കാരണം വിവാഹ വാഗ്ദാനം നല്‍കിയതാണെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇരുവരും തമ്മില്‍ നടന്ന ലൈംഗിക ബന്ധം സ്നേഹത്തില്‍നിന്നോ താത്പര്യത്തില്‍നിന്നോ ഉടലെടുത്തതാണ് എന്നേ പറയാനാവൂ. അതുകൊണ്ടുതന്നെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന കേസ് നിലനില്‍ക്കില്ല. എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജി കോടതി അനുവദിച്ചു. വിവാഹമോചനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന വാക്കു വിശ്വസിച്ചാണ് ബന്ധം തുടര്‍ന്നതെന്ന യുവതിയുടെ വാദം കോടതി തള്ളി.