കൊല്ലം : കൊല്ലം പരവൂരിൽ കാർ കയറി രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനംകുളം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. അപകട സമയം ഓടിച്ചിരുന്ന കാറും പൊലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ അപകടമുണ്ടായത്.
ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയശേഷം യുവാക്കൾ റോഡരികിൽ വിശ്രമിക്കുന്നതിനിടയിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഉടനെ ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പരവൂര്‍ പൊലീസ് പിടികൂടിയത്.
അതിനിടെ, വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് പരിശോധന വർധിപ്പിച്ചു. നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ലൈൻ ട്രാഫിക് സംവിധാനം ഉടൻ നടപ്പാക്കണമെന്നും റോഡിലെ നിയമലംഘനങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് വേണ്ടത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. റോഡിൽ ഇനി ചോര വീഴരുത് എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും നഷ്ടമായ ജീവന് പകരമാകില്ല. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും റോഡ് സേഫ്റ്റി കമ്മീഷണർകൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്നും ഹൈക്കോടതി ചൂണ്ടീകാട്ടി.