റാന്നി: പമ്പാ ജലസേചന പദ്ധതിയുടെ ഉതിമൂട് വലിയകലുങ്ക് നീർപ്പാലത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചു കയറി.സംഭവത്തിൽ വാഹനത്തിന്റെ മുകൾ വശം തകർന്നു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.റാന്നി ഭാഗത്തു നിന്ന് പത്തനംതിട്ട സുസുക്കി ഷോറൂമിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ. നീർപ്പാലത്തിന്റെ ഉയരം നോക്കിയാണ് കണ്ടെയ്നർ ഓടിച്ചു വന്നത്. നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിച്ചു കയറാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗർഡർ ഡ്രൈവർ ശ്രദ്ധിച്ചില്ല. വേഗത്തിൽ വന്ന വാഹനം ഗർഡറിലും നീർപ്പാലത്തിലുമായി ഇടിച്ചു കയറുകയായിരുന്നു.കണ്ടെയ്നറിന്റെ മുകൾ ഭാഗമാണ് തകർന്നത്.
അടുത്തിടെ ദേശീയ പാത നിലവാരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ റാന്നിക്കും പത്തനംതിട്ടയ്ക്കും ഇടയിലാണ് സംഭവം.
പുനലൂർ–മൂവാറ്റുപുഴ പാതയുടെ വികസനം ആരംഭിച്ചപ്പോൾ തന്നെ ഉതിമൂട് നീർപ്പാലത്തിലെ ഉയരക്കുറവ് ചർച്ചയായിരുന്നു.വളവ് ഒഴിവാക്കി ഇവിടെ പുതിയ റോഡും പാലവും നിർമിച്ചെങ്കിലും നീർപ്പാലത്തോടു ചേർന്ന ഭാഗത്ത് റോഡ് താഴ്ത്താനോ മേൽപ്പാലം നിർമ്മിക്കാനോ അധികൃതർ തയ്യാറായില്ല.റോഡ് താഴ്ത്തിയാൽ മഴക്കാലത്ത് വെള്ളം കയറുമെന്നതിനാൽ മേൽപ്പാലം നിർമിക്കുക മാത്രമാണ് ഇവിടുത്തെ ഏക പരിഹാരം.
പാലത്തിന്റെ ഉയരക്കുറവ് കാരണം കണ്ടെയ്നർ ഉൾപ്പെടെയുള്ള ഉയരം കൂടിയ വാഹനങ്ങൾക്ക് ഇതിലെ കടന്നു പോകാനാവില്ല. നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ ഇരുമ്പു തൂണുകൾ നാട്ടി കുറുകെ ഗർഡർ സ്ഥാപിച്ചിരുന്നു. ഇതിൽ ചെയിനുകളും തൂക്കിയിരുന്നു. അടുത്തിടെ ഉയരം കൂടിയ വാഹനം കടന്നു പോയപ്പോൾ ചെയിനുകൾ പൊട്ടിപ്പോയിരുന്നു.