KeralaNEWS

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി വരുന്നത്. നേരത്തെ 8 ഡിപ്പോകളിൽ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും. അപാകതകളുണ്ടെങ്കിൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി ഒരു മാസത്തിനുള്ളിൽ മുഴുവൻ ഡിപ്പോകളിലും നടപ്പിലാക്കും.

Signature-ad

ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കോൺഗ്രസ് അനുകൂല ടിഡിഎഫ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്മാറി. ഇന്ന് മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്. അതേസമയം സെപ്റ്റംബർ മാസത്തെ ശമ്പളം ജീവനക്കാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും. സർക്കാർ സഹായമായ 50 കോടി കെഎസ്ആർടിസിക്ക് അനുവദിച്ചു.

Back to top button
error: