ന്യൂഡല്‍ഹി: മദ്യപിച്ചെത്തി ബലാത്സംഗം ചെയ്ത പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. ബലാത്സംഗത്തിന് ഇരയായെന്ന വിവരം യുവതി തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
എയര്‍ ഹോസ്റ്റസായ യുവതിയെ പരിചയക്കാരനായ വ്യക്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകനായ
ഖാന്‍പുര്‍ സ്വദേശി ഹര്‍ജീത് യാദവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍, യുവതി ഹര്‍ജീത് യാദവിനെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഒന്നര മാസമായി ഹര്‍ജീത് യാദവിനെ പരിചയമുണ്ടെന്നും, മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുപ്പതുകാരിയായ യുവതി മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പുറത്തിറങ്ങിയ യുവതി, എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാദവിനെതിരേ കേസ് റജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാ നിയമത്തിന്റെ 376, 323, 509, 377 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.