വാടാനപ്പള്ളി: കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ (36) ചരിഞ്ഞു. ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പില്‍ ശശിധരന്റെ ആനക്കൊട്ടിലില്‍ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന മേനിയഴകുള്ള അപൂര്‍വം ആനകളില്‍ ഒന്നായിരുന്നു വിഷ്ണു.
മത്സരപ്പൂരങ്ങളില്‍ പ്രധാന ആകര്‍ഷണമായിരുന്നു ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു.
ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ ശശിധരനാണ് ഉടമ. 1999-ല്‍ സോണ്‍പുര്‍ മേളയില്‍നിന്ന് നാട്ടിലെത്തിച്ച ആനയെ 2000-ല്‍ ആണ് ശശിധരന്‍ വാങ്ങി വിഷ്ണുശങ്കര്‍ എന്നു പേരിട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസമായി ഭക്ഷണം കഴിക്കാതായി.
2006-ല്‍ പറവൂര്‍ ചക്കമലശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ മംഗലാംകുന്ന് കര്‍ണനെ തോല്‍പ്പിച്ചതോടെയാണ് വിഷ്ണുശങ്കര്‍ പ്രസിദ്ധനായത്. ആയിരംകണ്ണി ക്ഷേത്രം, ചാവക്കാട് വിശ്വനാഥക്ഷേത്രം, പാലക്കാട്, കൊല്ലം ജില്ലകളിലെയും ഉത്സവങ്ങളില്‍ സ്ഥിരമായി പങ്കാളിയാകാറുണ്ട്.