ജയ്പൂര്‍: രാജസ്ഥാനിൽ നിയമസഭാകക്ഷിയോഗം ഇന്ന് ചേരാനിരിക്കെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ഗെലോട്ട് പക്ഷം. 2 വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിന്‍ പൈലറ്റ് ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാടെങ്കിലും സച്ചിന് പൈലറ്റിന് അനുകൂല സാഹചര്യം രാജസ്ഥാനിലുണ്ടെന്ന വിലയിരുത്തലിലാണ് അടിയന്തരമായി നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ക്കുന്നത്.
ഗാന്ധി കുടുംബം സച്ചിനൊപ്പമെന്ന സൂചന വന്നതിന് പിന്നാലെ ഗെലോട്ട് പക്ഷത്ത് നിലയുറുപ്പിച്ചിരുന്ന എംഎല്‍എമാരില്‍ ചിലര്‍ സച്ചിന് അനുകൂല നിലപാടറിയിച്ചിട്ടുണ്ട്. ഇരട്ട പദവിയില്‍ കടിച്ച് തൂങ്ങാന്‍ ശ്രമിച്ച ഗെലോട്ട് മുഖ്യമന്ത്രി പദം രാജി വച്ച് അധ്യക്ഷനായാല്‍ മതിയെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ തുടർന്നാണ് യോഗം വിളിച്ചത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയും, അജയ് മാക്കനും യോഗത്തില് പങ്കെടുക്കും. തര്‍ക്കം പരമാവധി ഒഴിവാക്കണമന്നാണ് നിര്‍ദ്ദേശം.
107 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എണ്‍പതിലധികം പേരുടെ പിന്തുണ ഗെലോട്ട് അവകാശപ്പെടുന്നുണ്ട്. ഗെലോട്ടിനെ പരസ്യമായി വെല്ലുവിളച്ചപ്പോള്‍ പോലും സച്ചിനൊപ്പമുണ്ടായിരുന്നത് പരമാവധി 20 പേരായിരുന്നു. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഒപ്പമുള്ളയാളുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് ഗെലോട്ടിന്‍റെ നിലപാട്. എങ്ങനെയും സച്ചിനെ വെട്ടണമെന്ന ഉദ്ദേശ്യത്തിലാണ് ഒരു കാലത്ത് എതിരാളിയായ സ്പീക്കര്‍ സി പി ജോഷിയെ പകരക്കാരനായി ഗെലോട്ട് ഉയര്‍ത്തിക്കാട്ടുന്നതും.
തര്‍ക്കത്തിലേക്ക് നീങ്ങിയാല്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടേക്കും. സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് സച്ചിന് കൊടുത്ത വാഗ്ദാനം ഹൈക്കമാന്‍ഡ് പാലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ നിയോഗിച്ചതിന്‍റെ അനുഭവം മുന്നിലുള്ളപ്പോള്‍ ഗെലോട്ടിനെ പ്രകോപിപ്പാക്കാതെ എങ്ങനെ തീരുമാനം നടപ്പാക്കുമെന്നതാണ് നിര്‍ണ്ണായകം.