പതിനായിരം വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്; ചൈനയിലെ അട്ടിമറി യാഥാര്‍ഥ്യമോ?
ബീജിങ്: ചൈനയില്‍ വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്.
സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും അതിവേഗ റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൈനയിലെ ‘ഫ്ളൈറ്റ് മാസ്റ്റര്‍’ എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ചാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ട് ‘എപക് ടൈംസ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മാത്രം 622 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ഹായി വിമാനത്താവളത്തില്‍നിന്ന് 652 വിമാനങ്ങളും ഷെന്‍സന്‍ ബാഹോ വിമാനത്താവളത്തില്‍നിന്ന് 542 വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ചൈനയിലെ വ്യോമയാന വിഭാഗമോ മറ്റുമാധ്യമങ്ങളോ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. ചൈനയിലെ വിവിധ പ്രവിശ്യകളില്‍ അടുത്തിടെയുണ്ടായ കോവിഡ് കേസുകളിലെ വര്‍ധനവാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് ഒരു ചൈനീസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് ‘എപക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ചൈനീസ് മാധ്യമപ്രവര്‍ത്തകനായ ഷാവോ ലഞ്ചിയാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാകും വ്യാപകമായി വിമാനസര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. സൈനിക വിമാനങ്ങള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം നടത്തിയതെന്നും ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞദിവസം മുതലാണ് ചൈനയില്‍ ഭരണ അട്ടിമറി നടന്നതായും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. എന്നാല്‍ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ ചൈനീസ് മാധ്യമങ്ങളോ ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, ട്വിറ്ററിലടക്കം ചൈനയില്‍നിന്നുള്ള വിവരങ്ങളെന്ന പേരില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.