NEWS

പണം തരാതെ പോകില്ല; ഭീഷണിയുമായി ആളുകളെത്തുന്നു: തിരുവോണം ബമ്പർ ജേതാവിന്റെ ഭാര്യ

തിരുവനന്തപുരം :’ഒട്ടും സമാധാനമില്ല, വീട്ടിൽ കിടന്നുറങ്ങാൻ കൂടി കഴിയുന്നില്ല’ തിരുവോണ ബമ്ബര്‍ ജേതാവ് അനൂപിന്റെ ഭാര്യയുടെ വാക്കുകളാണിത്.

ഗര്‍ഭിണിയായ തനിക്കൊപ്പം സമയം ചെലവിടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് അനൂപെന്ന് ഭാര്യയായ മായ പറയുന്നു. ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും അവർ പറഞ്ഞു.

പലരും സ്വന്തം പണമെന്ന് അവകാശപ്പെടും പോലെയാണ് സംസാരിക്കുന്നത്. നിങ്ങളെന്ത് പറഞ്ഞാലും, പണം തന്നേ പോകൂ എന്ന പിടിവാശിയിലാണ് പലരുമെത്തുന്നത്. ചിലര്‍ സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തിലാണെന്നും ഇവര്‍ പറയുന്നു.

Signature-ad

ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാല്‍ അത് വളരെ പെട്ടെന്ന് തന്നെ മാറിയെന്ന് മായ പറയുന്നു. ഓരോ ദിവസം കഴിയുന്തോറും വീട്ടുകാര്‍ വലിയ ബുദ്ധിമുട്ടിലാവുകയാണ്. സഹായം അഭ്യര്‍ഥിച്ച്‌ വരുന്നവരെ കൊണ്ട് വീട്ടില്‍ കയറാനാവാത്ത അവസ്ഥയാണെന്ന് അനൂപും പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന സൗഭാഗ്യം ഇപ്പോള്‍ ജീവിതത്തിലെ വില്ലനായിരിക്കുകയാണ്. യാതൊരു സമാധാനവും വീട്ടില്‍ ഇല്ല. വീട്ടില്‍ പോലും കയറാനാവുന്നില്ല. ഗര്‍ഭിണിയായ ഭാര്യയെ കുറിച്ചാണ് അനൂപിന്റെ എല്ലാ ആശങ്കയും.

അനൂപിന്റെ അതേ അവസ്ഥയിലാണ് മായയും ഉള്ളത്. ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്നാണ് തോന്നുന്നതെന്ന് മായ പറഞ്ഞു. അനൂപിന് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയാണ്. ബാങ്കുകാര്‍ ഒരു ഭാഗത്ത് നിന്നും, മറ്റേ ഭാഗത്ത് നിന്ന് ദാരിദ്ര്യം പറഞ്ഞ് വരുന്നവരുമുണ്ട്. രണ്ടോ മൂന്നോ കോടി കൊടുത്താല്‍ സിനിമ നിര്‍മിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞ് വരുന്നവരുമുണ്ട്. ചെന്നൈയില്‍ നിന്ന് വരെ സഹായം ചോദിച്ചെത്തിയവരുണ്ട്.

എനിക്കൊരു 25 ലക്ഷം ഇല്ലെങ്കില്‍ മുപ്പത് ലക്ഷം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയാണ്. അഭ്യര്‍ഥനയൊന്നുമല്ല. ഞാനീ പണം വാങ്ങിച്ചിട്ടേ പോകൂ എന്നൊക്കെയുള്ള നിലപാടാണ് പലര്‍ക്കും. ഇനി കിട്ടിയ പണം മുഴുവനും കൊടുത്ത് കഴിഞ്ഞാല്‍, ഇവര്‍ തന്നെ നാളെ പറയും, ഈ പണമൊക്കം ധൂര്‍ത്തടിച്ച്‌ കളഞ്ഞെന്ന്. അനൂപിന് ഇപ്പോള്‍ വീട്ടിനുള്ളിലേക്ക് വരാനാവുന്നില്ല. ആളുകളോട് പറഞ്ഞ് മടുത്തുവെന്നും മായ വ്യക്തമാക്കി. എല്ലാ ജില്ലകളില്‍ നിന്നും സഹായം ചോദിച്ച്‌ ആളുകള്‍ വരുന്നുണ്ട്. തിരക്കെന്ന് പറഞ്ഞാല്‍ ഭീകര തിരക്കാണ്. രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ ഇവിടെ തമ്ബടിക്കുകയാണെന്നും മായ പറഞ്ഞു.
തന്റെ കുഞ്ഞിന് തീരെ വയ്യ. പക്ഷേ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറ്റുന്നില്ല. ആളുകള്‍ വിടാതെ പിന്തുടരുകയാണ്. ലോട്ടറി അടിച്ചതിന്റെ പേരിൽ, ഇത്രയും ബുദ്ധിമുട്ട് എന്തിനാണ് ഉണ്ടാക്കുന്നതെന്നും മായ ചോദിക്കുന്നു.

Back to top button
error: