കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് (ഞായർ) രാവിലെ കോഴിക്കോട് വച്ചാണ് അന്ത്യം.
ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകന്‍ ആര്യാടന്‍ ഷൗക്കത്താണ് മരണവാര്‍ത്ത അറിയിച്ചത്.
1977 മുതല്‍ 2014 വരെ നിയമസഭംഗമായിരുന്ന ആര്യാടൻ.എട്ട് തവണ നിലമ്പൂരിനെ പ്രതിനിധീകരിച്ചു. ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2011-ലെ ഉമ്മൻ ചാണ്ടി സർക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്നു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്. സമാനതകളില്ലാത്ത പല തീരുമാനങ്ങളിലൂടെ മലപ്പുറത്തെ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്.
1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ മലയോരങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു പ്രാവർത്തികമാക്കി. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കാൻ അദ്ദേഹം മുൻകൈ എടുത്തു.
ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെ.പി.സി.സി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി (പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ.
മതേതര ചിന്തയുമായി നിലയുറപ്പിച്ച നേതാവാണ് ആര്യാടന്‍. നിയമസഭയിലും പൊതു സമൂഹത്തിലും കൈയടി നേടിയ ഉറച്ച നിലപാടുകളുടെ ഉടമയാണ് അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഒരു കാലത്തും വഴങ്ങാത്ത നേതാവാണ് ആര്യാടന്‍.