IndiaNEWS

”ശരിയായ സമയത്തിനായി കാത്തിരിക്കൂ… എന്തായാലും 21ല്‍ കുറയില്ല”; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് മിഥുന്‍ ചക്രവര്‍ത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് നേതാവും നടനുമായ മിഥുന്‍ ചക്രവര്‍ത്തി. 21 എംഎല്‍എമാര്‍ തന്നോട് നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ’21 തൃണമൂല്‍ എംഎല്‍എമാര്‍ എന്നോട് ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവര്‍ത്തിക്കുന്നു, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ശരിയായ സമയത്തിനായി കാത്തിരിക്കൂ’. മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

തൃണമൂല്‍ എംഎല്‍എമാരെ സ്വീകരിക്കുന്നതില്‍ ബിജെപിക്കുള്ളില്‍ നിയന്ത്രണങ്ങളുണ്ടെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. ‘പാര്‍ട്ടിക്കുള്ളില്‍ നിയന്ത്രണങ്ങളുണ്ടെന്ന് എനിക്കറിയാം. ‘ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍’ സ്വീകരിക്കരുതെന്ന് നിരവധി പേര്‍ പറയുന്നുണ്ട്. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. ബിജെപിയിലേക്ക് വരാന്‍ തയ്യാറുള്ള എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു 21 എന്ന മറുപടി. ‘ശരിയായ സംഖ്യ ഞാന്‍ പറയില്ല, എന്തായാലും 21ല്‍ കുറയില്ല, അക്കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം’ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.

കേന്ദ്രഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തിനെതിരെയും മിഥുന്‍ ചക്രവര്‍ത്തി പ്രതികരിച്ചു. ‘എനിക്ക് തോന്നുന്നത് അവര്‍ പറയുന്നത് ശരിയാണെന്നാണ്. പ്രധാനമന്ത്രിയല്ല അത് ചെയ്യുന്നത്, തീരുമാനം കോടതിയുടേതാണ്. ഞങ്ങളെന്ത് ചെയ്യാനാണ്? മമതാ ബാനര്‍ജി തന്നെയാണ് വിശദീകരിക്കേണ്ടത് ബിജെപി ബംഗാള്‍ ഘടകം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന്. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ വീട്ടില്‍ പോയി സുഖമായി ഉറങ്ങൂ. ഒന്നും സംഭവിക്കില്ല. പക്ഷേ, നിങ്ങള്‍ക്കെതിരായി എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പ്രധാനമന്ത്രിയല്ല രാഷ്ട്രപതി വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാനാവില്ല’. മിഥുന്‍ ചക്രവര്‍ത്തി പരിഹസിച്ചു.

Back to top button
error: