കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി; കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. എയര്‍പോട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന എ.നിവേദിനു നേരെയാണു ആക്രമണമുണ്ടായത്. ഇയാളെ പരുക്കുകളോടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയില്‍ കെഎസ്ആര്‍ടിസി ബസും ആക്രമിച്ചു. ഡ്രൈവര്‍ അനീഷിനു കല്ലേറില്‍ പരുക്കേറ്റു.
കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സി.പി.ഒ നിഖില്‍ എന്നിവര്‍ക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടിച്ചുതകര്‍ത്തു. 15 പേര് ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് നടക്കാവില്‍ ഹോട്ടലിനു നേരെ കല്ലേറുണ്ടായി. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരം മംഗലപുരത്ത് പെട്രോള്‍ പമ്പ് അടപ്പിക്കാനെത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ചാവക്കാട് എടക്കഴിയൂരില്‍ കെ.എസ്.ആര്.ടി.സി. ബസിനു കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മുഹമ്മദ് റിയാസ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറിയാണ്. കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.