കൊച്ചി: കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം ഒണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികള്‍ അറസ്റ്റിലായി.
കൂത്താട്ടുകുളം മണ്ണത്തൂര്‍ തറെകുടിയില്‍ നിമില്‍ ജോര്‍ജ് (22) പിറവം ഓണശ്ശേരിയില്‍ ബിട്ടോ ബാബു (21), മുളക്കുളം കുന്നേല്‍ ശ്രീഹരി (23) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇവര്‍ കൈയിലുള്ള എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനത്തില്‍ കൊടുക്കും. കാര്‍ഡുകള്‍ക്ക് സാങ്കേതിക പ്രശ്‌നം കാണിക്കുമ്പോള്‍ ഇവര്‍ നെഫ്റ്റ് വഴി പണം അയക്കാം എന്ന് പറയും.
കടയില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങുകയും നേരത്തേ സെറ്റ് ചെയ്ത ആപ്ലിക്കേഷന്‍ വഴി ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായതായ സന്ദേശം കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പിന്നീടാണ് അക്കൗണ്ടില്‍ പണം കയറിയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയുന്നത്. നഗരത്തിലെ പ്രമുഖ ബ്രാന്‍ഡ് ഷോപ്പുകള്‍, വാച്ച് സെന്റര്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമീഷണര്‍ ജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാന കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.