സഹരൻപൂർ: ഉത്തര്‍പ്രദേശില്‍ വനത്തിനുള്ളില്‍ അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40 വയസുകാരനായ അധ്യാപകനെയും 17 വയസുകാരിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തായതിന് പിന്നാലെ ഇരുവരെയും കാണാനില്ലായിരുന്നു.
താൻ ജോലി ചെയ്ത അതേ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായാണ് അധ്യാപകന് ബന്ധം പുലര്‍ത്തിയിരുന്നത്. വിവരം പുറത്തായതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധ്യാപകനെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ മൂന്നാം തീയതിയോടെ അധ്യാപകനെയും പെണ്‍കുട്ടിയെയും കാണാതായി. പിന്നാലെ മകളെ കാണാനില്ലെന്നും അധ്യാപകന് തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. അധ്യാപകനും പെണ്‍കുട്ടിയും ജില്ല വിട്ട് പോയതിനാല്‍ പൊലീസിന് ഇവരെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിത്ത് അന്വേഷണം തുടരവേയാണ് ഇരുവരുടെയും മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് സഹരൻപൂർ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിൻ ടാഡ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികള്‍ ആണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വനത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ബൈക്ക് അധ്യാപകനും പെണ്‍കുട്ടിയും കൊണ്ടുവന്നതാകാമെന്നാണ് അനുമാനം. വനത്തിനോട് ചേര്‍ന്നുള്ള റോഡുകളിലെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിക്കുമെന്നും മൃതദേഹത്തില്‍ നിന്നോ ബൈക്കില്‍ നിന്നോ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.