മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ ടീമിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റില്‍.
ഫേസ്ബുക്കിലൂടെ കണ്ടുപിടിച്ച ക്വട്ടേഷന്‍ ടീമിന് മൂന്ന് ലക്ഷം രൂപ നല്‍കിയാണ് യുവ അധ്യാപിക കൊല നടത്തിച്ചത്.
കഴിഞ്ഞയാഴ്ചയാണ് പന്‍വേല്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് 29 കാരിയായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്ത് കൊല്ലപ്പെട്ടത്. കേസില്‍ സ്വകാര്യ ട്യൂട്ടോറിയല്‍ സെന്ററിലെ അധ്യാപിക നികിത മത്കര്‍ (24) തിങ്കളാഴ്ച അറസ്റ്റിലായി. സംഭവത്തില്‍ നികിത മത്കറിനെ കൂടാതെ കാമുകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ ദേവവ്രത് സിങ് റാവത്ത് (32) അടക്കം ആറ് പേരാണ് അറസ്റ്റിലായത്.
കംപ്യൂട്ടര്‍ എഞ്ചിനീയറും അധ്യാപികയുമായ പ്രിയങ്കയും ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള ഭര്‍ത്താവ് ദേവവ്രത് സിങ്ങും നാല് വര്‍ഷം മുൻപാണ് വിവാഹിതരായത്. നെമാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അതിനിടെ, ഈ വര്‍ഷം തുടക്കത്തില്‍ ദേവവ്രത് സിങ്ങും നികിത മത്കറും പ്രണയത്തിലായി. ആഗസ്റ്റില്‍ ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹിതരാവുകയും ചെയ്തുവത്രെ. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രിയങ്ക റാവത്ത്, നികിതയോട് ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതയായാണ് നികിത കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.