മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ
സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ (2,625 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു ഹിൽ സ്റ്റേഷനാണ് മാത്തേരൻ.
മുംബൈ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ കിഴക്കും പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മോട്ടോർ വാഹനങ്ങൾക്ക് നിരോധനമുള്ള സ്ഥലം കൂടിയാണ്. ഉയരം കാരണം, ഈ ഹിൽ സ്റ്റേഷനിൽ വർഷം മുഴുവനും തണുത്തതും ഈർപ്പം കുറഞ്ഞതുമായ കാലാവസ്ഥയാണുള്ളത്.തിരക്കേറിയ നഗര ജീവിതശൈലിയിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതകൾ തേടുന്നവർക്ക് കൂടുതൽ അഭികാമ്യമാണ് ഈ സ്ഥലം, പ്രത്യേകിച്ച് കൊടും വേനൽ മാസങ്ങളിൽ.
പൂർണമായും മലിനീകരണരഹിതമായ അന്തരീക്ഷമുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഹിൽസ്‌റ്റേഷനുകളിലൊന്നുമാണ് മാത്തേരൻ.എല്ലാ മോട്ടോർ വാഹനങ്ങളും നിരോധിച്ചിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥലം കൂടിയാണ് ഇത്.
ചരിത്രം പരിശോധിച്ചാൽ 1850 മെയ് മാസത്തിൽ റായ്ഗഡ് ജില്ലയുടെ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഹ്യൂ പോയന്റ്സ് മാലെറ്റാണ് മാത്തേരനെ കണ്ടെത്തിയത് .1855-ൽ ബോംബെ ഗവർണറായിരുന്ന എൽഫിൻസ്റ്റൺ പ്രഭു ഒരു ബംഗ്ലാവും എൽഫിൻസ്റ്റൺ ലോഡ്ജും നിർമ്മിച്ച് ഭാവിയിലെ ഒരു ഹിൽ സ്റ്റേഷനായി വികസനത്തിന് അടിത്തറയിടുകയും . ബ്രിട്ടീഷുകാർ പ്രദേശത്തെ വേനൽച്ചൂടിനെ അതിജീവിക്കാനുള്ള റിസോർട്ടായി മതേരനെ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
1907-ൽ സർ ആദംജി പീർബോയ് ആണ് വനപ്രദേശത്തിന്റെ വലിയൊരു ഭാഗവും ഉൾപ്പെടുത്തി 20 കി.മീ ദൂരം മാത്തേരൻ ഹിൽ റെയിൽവേ നിർമ്മിച്ചത്.മാത്തേരൻ ലൈറ്റ് റെയിൽവേ (MLR) എന്നും ഇത് അറിയപ്പെടുന്നു.
മലയടിവാരമായ നേറലിൽ നിന്ന് മാത്തേരനിലേക്ക് ഒരു ടോയ് ട്രെയിനുണ്ട്.അതിലെ 2 മണിക്കൂർ യാത്രയിൽ നിബിഡമായ ഹരിതവനങ്ങളുടെയും മൂടൽമഞ്ഞ് മൂടിയ കുന്നുകളുടെയും താഴ്‌വരകളുടെയും ഉരുണ്ട പീഠഭൂമികളുടെയും മനോഹരമായ കാഴ്ചകൾ നൽകുന്നു.
മാത്തേരനിലെ പ്രധാന കുടിവെള്ള സ്രോതസ്സായ
ക്രിസ്റ്റൽ ക്ലിയർ തടാകം എന്നറിയപ്പെടുന്ന ഷാർലറ്റ് തടാകം, എക്കോ, ലൂയിസ പോയിന്റുകൾ, പിസാർനാഥ് മന്ദിർ, മാൾ ഓഫ് മാത്തേരൻ, പ്രധാന മാർക്കറ്റായ കപാഡിയ മാർക്കറ്റ്, നൗറോജി പ്രഭുവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച നവ്റോജി ലോർഡ് ഗാർഡൻ , 1942-ലെ ദേശീയ പ്രസ്ഥാനത്തിനിടെ ജീവൻ നഷ്ടപ്പെട്ട വിത്തൽറാവു കോട്വാളിന്റെ സ്മരണയ്ക്കായി നിർമ്മിച്ച് ജലധാര, ഛത്രപതി ശിവജി ഉപയോഗിച്ചിരുന്നുവെന്നു പറയപ്പെടുന്ന ശിവജിയുടെ ഗോവേണി (Shivaji’s Ladder) എന്ന പാത , 1923-ൽ ശ്രീ. സൊറാബ്ജി എൽ. പാണ്ഡേ തന്റെ സഹോദരൻ ശ്രീ. ഫർദുൻജി പാണ്ഡേയുടെ സ്മരണയ്ക്കായി നിർമ്മിച്ച പാണ്ഡേ കളിസ്ഥലം, 1891-ൽ കുതിര സവാരിക്കായി നിർമ്മിച്ച മാത്തേരനിലെ ഏറ്റവും വലിയ ഗ്രൗണ്ടായ ഒളിമ്പിയ റേസ് കോഴ്‌സ്, വ്യത്യസ്ത ഇനം പൂക്കളും മനോഹരമായി ക്രമീകരിച്ച ബെഞ്ചുകളുമുള്ള പേമാസ്റ്റർ പാർക്ക്, ആർട്ടിസ്റ്റിന്റെ നൂക്ക് പോയിന്റ് , സഹ്യാദ്രി, നേരൽ ഗ്രാമങ്ങളുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന മാത്തേരനിലെ ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ ഒന്നാണ് മൗണ്ട് ബാരി സൂര്യോദയത്തിന്റെ കാഴ്ചയ്ക്ക് പേരുകേട്ട പോയിന്റുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന പനോരമ പോയിന്റ്( സഹ്യാദ്രി പർവതനിരകളുടെ പനോരമിക് വ്യൂ ), മനോഹരമായ വെള്ളച്ചാട്ടങ്ങളുള്ള ലൂയിസ പോയിന്റ് (മൺസൂൺ കഴിഞ്ഞാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വെള്ളച്ചാട്ടം കാണാൻ കഴിയും) പ്രതിധ്വനി നൽകുന്ന എക്കോ പോയിന്റ്,സൂര്യാസ്തമയ ദൃശ്യം കാണാൻ കഴിയുന്ന പ്രഭു, സീലിയ, കിംഗ് ജോർജ്ജ് പോയിന്റ്, ഹൃദയത്തിന്റെ ആകൃതിയിലുള്ള ഹാർട്ട് പോയിന്റ്, സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും കാഴ്ചകൾക്ക് പേരുകേട്ട ഗാർബട്ട് പോയിന്റ്, മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ദൃശ്യം മനോഹരമാക്കുന്ന മൈറ പോയിന്റ്, അലക്‌സാണ്ടർ പോയിന്റ്, ഖണ്ടാല പോയിന്റ്,രാം ബാഗ് പോയിന്റ്, കുരങ്ങുകൾ ധാരാളമായി കാണുന്ന മങ്കി പോയിന്റ്, ഇംഗ്ലണ്ടിലെ രാജാവായ എഡ്വേർഡ് ഏഴാമന്റെ കിരീടധാരണത്തിന്റെ പേരിൽ അറിയപ്പെടുന്ന ഹണിമൂൺ പോയിന്റ് ,മാത്തേരനിലെ ഏറ്റവും മികച്ച പോയിന്റുകളിലൊന്നായ വൺ ട്രീ ഹിൽ,ബോംബെ തുറമുഖത്തിന്റെ മനോഹരമായ ലാൻഡ്സ്കേപ്പ് കാണാൻ കഴിയുന്ന റസ്റ്റോമിൽ പോയിന്റ്, പ്രബൽ കോട്ടയും ധവാരി നദിയുടെ ഒഴുക്കും കാണാൻ സാധിക്കുന്ന
മാർജോറീസ് നൂക്കും ബെൽവെഡെറെ പോയിന്റും, 1939-ൽ ബോംബെ ഗവർണറായിരുന്ന സർ റോജർ ലുംലിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്ക് നിർമ്മിച്ച ലുംലി സീറ്റ്, എക്കോ പോയിന്റിന്റെ മികച്ച കാഴ്ച നൽകുന്ന ലാൻഡ്‌സ്‌കേപ്പ് പോയിന്റ് ഇവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.