കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിയമ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാർ കൗണ്‍സിലിന്റെ തീരുമാനം. കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാർ ഉറപ്പ് നൽകിയെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ് മര്‍ദ്ദിച്ചുവെന്നും വിലങ്ങ് വച്ചുവെന്നും ആരോപിച്ചാണ് ബാർ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒരാഴ്ചയിലധികമായി കോടതി നടപടികൾ ബഹിഷ്കരിച്ച് കൊല്ലം ബാർ അസോസിയേഷൻ സമരത്തിലായിരുന്നു. സംഭവത്തിൽ ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്തും ചർച്ച നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാർ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചുവെന്നോരാപിച്ചാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിച്ചു. വാക്കിടോക്കിക്കും കേടുപാടുണ്ടായി.
കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പള്ളിത്തോട്ടം സ്റ്റേഷനിലെ എഎസ്ഐ മനോരഥൻ പിള്ളയ്ക്കാണ് മർദനമേറ്റത്. ഇതിനു പിന്നാലെ അഭിഭാഷകനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കും വരെ കോടതി ബഹിഷ്കരിക്കാനും ബാർ അസോസിയേഷൻ തീരുമാനിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി.