CrimeNEWS

മലപ്പുറത്ത് ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; ഏറ്റുമുട്ടിയത് അമ്പതോളം കുട്ടികള്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്കൂള്‍ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച് കൊണ്ടോട്ടി വി എച്ച് എസ്സിയിലെ അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച സ്കൂള്‍ വിട്ട ശേഷമായിരുന്നു സംഭവം. കുട്ടികള്‍ തമ്മില്‍ നേരത്തെയുണ്ടായ വാക്കുതര്‍ക്കമാണ് അടിയിലെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച്ച വൈകിട്ട് നടന്ന കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഘര്‍ഷം ബസ് സര്‍വീസുകളെയും തടസപ്പെടുത്തി. ജീവനക്കാര്‍ ഇടപെട്ടിട്ടും കുട്ടികളെ പിടിച്ചു മാറ്റാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പൊലീസ് എത്തിയപ്പോഴേക്കും കുട്ടികള്‍ പിരിഞ്ഞു പോയിരുന്നു. കൂട്ടത്തല്ലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പരാതിയില്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Signature-ad

നേരത്തെ നിലമ്പൂരിലും വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഓണാഘോഷത്തിന് പിന്നാലെ പൊതുനിരത്തില്‍ തമ്മിൽ തല്ലിയത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. പുതുതായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ടുടുത്തതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.

ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സീനിയര്‍ വിദ്യാര്‍ഥികളുടെ ഭീഷണി മറികടന്ന് ചില വിദ്യാര്‍ഥികള്‍ മുണ്ടുടുത്തെത്തി. പ്ലസ് ടു വിദ്യാര്‍ഥികള്‍ ആക്രമിച്ചേക്കാമെന്ന സൂചനയെത്തുടർന്ന് വൈകിട്ട് നേരത്തെ പ്ലസ് വൺ വിദ്യാർഥികളുടെ ക്ലാസ് വിടുകയായിരുന്നു. അധ്യാപകരും പിടിഎ പ്രതിനിധികളും ഇവരെ ജനതപ്പടി ബസ് സ്റ്റാൻഡ് വരെ എത്തിച്ചു. പ്രശ്നമില്ലെന്ന് കണ്ടതിനെ തുടർന്ന് ഇവർ മടങ്ങിയതിന് പിന്നാലെ പ്ലസ് ടു വിദ്യാർഥികൾ എത്തി മര്‍ദ്ദിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥികളെ വഴിയിലൂടെ ഓടിച്ചിട്ട് തല്ലിയെന്നും നാട്ടുകാര്‍ പറയുന്നു.

Back to top button
error: