കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നുറപ്പായി. രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും തിരുവനന്തപുരം എംപി ശശി തരൂരും തമ്മിലായിരിക്കും മത്സരം നടക്കുക. ശശി തരൂര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയാ ഗാന്ധി പറഞ്ഞുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്.
ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗെഹ്ലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പാവുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഗെഹ്ലോട്ട് ഒക്ടോബര്‍ 25ന് ഡല്‍ഹിയിലെത്തും. തൊട്ടടുത്ത ദിവസം തന്നെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കും. രണ്ട് വര്‍ഷത്തിനിപ്പുറം അടുത്തമാസമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലാണ് നേതാക്കളുടെ കൂടികാഴ്ച്ച നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് സോണിയ തരൂരിനെ അറിയിച്ചത്.
അതേസമയം പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും ഒടുവില്‍ പ്രമേയം പാസാക്കിയത്