തിരുവനന്തപുരം :കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പുതിയ രണ്ട് പ്ലാറ്റ്ഫോം കൂടി വരുന്നു.ഇതിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവഗണനയുടെ ട്രാക്കിലായിരുന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ. നിരവധി ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന കൊച്ചുവേളി സ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ ഏറെ മുറവിളിക്കൊടുവിൽ ഇക്കഴിഞ്ഞ ജൂണിലാണ് റയിൽവെ തുടക്കമിടുന്നത്.
നിലവിൽ നാലു പ്ലാറ്റ്ഫോമുകൾ മാത്രമുണ്ടായിരുന്ന കൊച്ചുവേളിയിൽ പുതിയ രണ്ട് പ്ലാറ്റ്ഫോമ്മിന്റെ കൂടി നിർമ്മാണമാണ് നടക്കുന്നത്.അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്തിയിടാനുള്ള മൂന്ന് സ്റ്റേബ്ലിങ് ലൈനുകളും ആധുനിക സിഗ്നൽ സംവിധാനവും ഇതോടൊപ്പം സജ്ജമാക്കുന്നുണ്ട്.
ഇതോടെ ഇവിടെ യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾക്കൊക്കെ ഇവിടെ തന്നെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താനാകും.നിലവിൽ പാളങ്ങൾ തികയാത്തതിനാൽ ട്രെയിനുകൾ പരവൂർ, കടയ്ക്കാവൂർ, കഴക്കൂട്ടം സ്റ്റേഷനുകളിൽ ഒതുക്കി ഇടുകയായിരുന്നു പതിവ്.ഈ ട്രെയിനുകൾ പരിപാലനത്തിനും യാത്ര തുടങ്ങാനുമായി വീണ്ടും കൊച്ചുവേളിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നത് റെയിൽവേയ്ക്ക് അധിക ചെലവും ആയിരുന്നു.
ഇനിയൊരുതരിമ്പും സൗകര്യമില്ലാത്ത തിരുവനന്തപുരം സെൻട്രലിലെ കുരുക്കഴിച്ച് ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ വികസനം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ.