നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശ്വപ്രസിദ്ധമായ ജമ്മു- കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കുറഞ്ഞ ചെലവിൽ ഈ യാത്ര സഫലമാക്കാനുള്ള സുവർണാവസരമാണ് നിങ്ങൾക്കായി ഒരുങ്ങുന്നത്.
നവരാത്രിയോട് അനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ IRCTC നവരാത്രി പ്രത്യേക ട്രെയിൻ ടൂർ പാക്കറ്റ് പ്രഖ്യാപിച്ചു. ഈ പാക്കേജ് അനുസരിച്ച് സെപ്റ്റംബർ 30നാണ് കത്രയിലേക്കുള്ള ട്രെയിൻ യാത്ര.
എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ നവരാത്രി കാലത്ത് മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വൻ തിരക്കാണ് പൊതുവെ ഈ സമയത്ത് അനുഭവപ്പെടുന്നത്.
പലപ്പോഴും കൺഫേം ചെയ്ത ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതിനാലാണ് നവരാത്രി ദിനത്തിൽ തീർഥാടകരുടെ സൗകര്യാർഥം ഈ പാക്കേജ് അവതരിപ്പിക്കാൻ ഐആർസിടിസി- IRCTC തീരുമാനിച്ചിരിക്കുന്നത്.
ഐആർസിടിസി നൽകിയ വിവരമനുസരിച്ച്, ഈ ട്രെയിൻ ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് സെപ്റ്റംബർ 30ന് പുറപ്പെടും. ഈ ടൂർ പാക്കേജിന്റെ ദൈർഘ്യം 4 രാത്രിയും 5 പകലുമാണ്. ഗാസിയാബാദ്, മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, അംബാല, സിർഹിന്ദ്, ലുധിയാന തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ഇന്ത്യയിൽ എവിടെ നിന്നും ടൂർ പാക്കേജ് പ്രയോജനപ്പെടുത്തി ബുക്കിങ് നടത്താം.
600 യാത്രക്കാർക്ക് ഇരിക്കാവുന്ന ഈ ട്രെയിനിൽ 11 കോച്ചുകൾ എസി ത്രീ ടയർ ആയിരിക്കും. ട്രെയിനിലെ വിനോദസഞ്ചാരികളുടെ സൗകര്യാർഥം സസ്യാഹാരത്തിനുള്ള ക്രമീകരണവും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം യാത്രക്കാർക്കുള്ള താമസ സൗകര്യവും ഐആർസിടിസി- IRCTC ഒരുക്കും. ഭാരത് ഗൗരവ് യാത്രയ്ക്ക് കീഴിൽ റെയിൽവേ മന്ത്രാലയമാണ് ഇത് നടപ്പിലാക്കുന്നത്.
ബുക്കിങ് നടത്തുന്നത് അനുസരിച്ചാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് IRCTC വെബ്സൈറ്റ് www.irctctourism.com സന്ദർശിക്കുക.താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.