NEWS

നായ്‌ക്കളെ കൊന്നൊടുക്കിയാൽ എലികളുടെ എണ്ണം കൂടും, പ്ലേഗ് പടരും: മനേകാ ഗാന്ധി

ന്യൂഡൽഹി: കേരളത്തില്‍ തെരുവ് നായ്ക്കൾ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാക്കാൻ കാരണം മാലിന്യ പ്രശ്നമാണെന്ന് മനേകാ ഗാന്ധി.
കേരളത്തില്‍ എല്ലാ രണ്ട് കിലോമീറ്ററിനുള്ളിലും മാലിന്യകൂമ്പാരങ്ങള്‍ ഉണ്ട്.അത് കൊണ്ട് എലികള്‍ കൂടുന്നു.എലികള്‍ ഉള്ളിടത്ത് ഇവയെ പിടിക്കാന്‍ നായകളുമുണ്ടാകും.നായകളെ കൊല്ലുന്നത് ലളിതമായ പരിഹാരമായിരിക്കാം പക്ഷെ ശാശ്വതമല്ല.
ഒരു പട്ടിയെ കൊന്നാല്‍ മറ്റൊരു പട്ടി എവിടെ നിന്നെങ്കിലും എത്തി പ്രജനനം നടത്തും.ഗുജറാത്തിലെ സൂറത്തില്‍ നായ്‌ക്കളെ കൊന്നപ്പോള്‍ വിപരീതഫലമാണ് ഉണ്ടായത്.നായ്‌ക്കള്‍ ചത്തൊടുങ്ങിയപ്പോള്‍ എലികളുടെ എണ്ണം കൂടി പ്ലേഗ് പടര്‍ന്നു.
ചെന്നൈയില്‍ നടപ്പാക്കിയത് പോലെ ശാസ്‌ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.കേരളത്തില്‍ വന്ധ്യംകരിക്കുകയും കൊല്ലുകയും ഒരുമിച്ച് ചെയ്യുന്നതാണ് പ്രധാന പ്രശ്നം.
എന്നെ ഭീകരയായി ചിത്രീകരിച്ചിട്ട് കാര്യമില്ല.സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നത്-മനേകാ ഗാന്ധി പറഞ്ഞു.
അതേസമയം കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു.ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മൃഗസ്‌നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായകള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ പരിഹസിച്ചു.

വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

Signature-ad

 

 

സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തുവന്നിരുന്നു.

Back to top button
error: