LocalNEWS

ആവിക്കല്‍ സമരത്തിന് പിന്തുണയുമായി സമസ്ത

കോഴിക്കോട് : കോര്‍പ്പറേഷനിലെ ആവിക്കല്‍ മലിനജല പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി സമസ്ത. സമരപ്പന്തലില്‍വെച്ച് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുലൈലി തങ്ങളും സമസ്ത ഉന്നതാധികാര സമിതി അംഗം എ.വി. അബ്ദുറഹ്‌മാന്‍ മുസ്ല്യാരും സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. സമരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചതിനു പിന്നാലെയാണ് സമസ്തയുടെ നീക്കം.

പ്രശ്‌നത്തിന് പരിഹാരമാര്‍ഗമില്ലാതാവുമ്പോള്‍ തീവ്രവാദ ആരോപണമുന്നയിച്ച് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സമരത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് തീവ്രവാദമുദ്രചാര്‍ത്തുന്നത്. വിഴിഞ്ഞം ഒരു മതത്തിനും ആവിക്കല്‍ വേറൊരു മതത്തിനും വിട്ടുകൊടുത്ത് സര്‍ക്കാര്‍ ജാതിയും രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുകയാണെന്നും സമസ്ത പ്രതിനിധികള്‍ ആരോപിച്ചു. ആവിക്കലിലുള്ളത് മനുഷ്യരാണെന്നും അവരുടെ പ്രശ്‌നമാണെന്നും ഭൂരിപക്ഷം ആരാണെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വ്യത്യാസമില്ലെന്നും സയ്യിദ് ജമലുലൈലി തങ്ങള്‍ പറഞ്ഞു.

Signature-ad

വിഴിഞ്ഞത്തെ സമരം മനുഷ്യരുടേതും ഇത് തീവ്രവാദികളുടേതുമായി കാണുന്നത് ഏത് കണ്ണടവെച്ചാണെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ചോദിച്ചു.

മതപരമായ വിഷയങ്ങളിലേ പൊതുവേ സമസ്ത ഇടപെടാറുള്ളൂ. ആദ്യമായാണ് ഒരു ജനകീയസമരത്തിന് പരസ്യപിന്തുണയുമായി രംഗത്തെത്തുന്നത്. കോഴിക്കോട്ടുനടന്ന ഉന്നതാധികാരസമിതി യോഗത്തിനുശേഷമായിരുന്നു സമസ്ത പ്രതിനിധികളുടെ സന്ദര്‍ശനമെന്നതാണ് മറ്റൊരു പ്രാധാന്യം. ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സലാം ഫൈസി മുക്കം, ആര്‍.വി. അബ്ദുസലാം മൗലവി, അബ്ദുസലാം ബാഖവി, ഫര്‍ഹാന്‍ മില്ലത്ത്, മുസ്ലിം ജില്ലാ കമ്മിറ്റി അംഗം എ. സഫറി, മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ. ഹംസ, സമരസമതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: