തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പേ പിടിച്ച നായ്ക്കള്‍, അക്രമകാരികളായ നായ്ക്കള്‍ എന്നിവയെ കൊല്ലാനുള്ള അനുമതി സുപ്രീം കോടതിയോടു അഭ്യര്‍ഥിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്. തെരുവുനായശല്യം പരിഹരിക്കാന്‍ അവയ്ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുന്നതിനൊപ്പം എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ തെരുവുനായ വിഷയം സുപ്രീം കോടതി 28-ന് പരിഗണിക്കുന്നുണ്ട്. എ.ബി.സി. പദ്ധതിക്ക് തിരിച്ചടിയായി മാറിയത് കുടുംബശ്രീയെ അതില്‍നിന്ന് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ്. അതിനാല്‍ കുടുംബശ്രീക്ക് എ.ബി.സി. പദ്ധതി നടപ്പാക്കാനുള്ള അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്നുവീതം എന്ന നിലയില്‍ എ.ബി.സി. സെന്റര്‍ ആരംഭിക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഇത്തരത്തില്‍ 76 കേന്ദ്രങ്ങളാണ് ആരംഭിക്കേണ്ടത്. ഇതില്‍ 37 ഇടത്ത് ഇതിനകം സജ്ജമായിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ബാക്കി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൃഗങ്ങള്‍ക്ക് കടിയേറ്റതിന്റെയും മനുഷ്യര്‍ക്ക് കടിയേറ്റതിന്റെയും അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇത്തരം മേഖലകളില്‍ വാക്സിനേഷനിലും ഷെല്‍ട്ടറിന്റെ കാര്യത്തിലും പ്രത്യേക ഊന്നല്‍ നല്‍കും. വാക്സിനേഷന്റെ കാര്യത്തില്‍ ഓറല്‍ വാക്സിനേഷന്റെ സാധ്യത തേടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
തെരുവുനായശല്യം രൂക്ഷമാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മാലിന്യനീക്കമാണ്. രണ്ടുതരത്തിലാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുക. ജില്ലാതലത്തില്‍ കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കല്യാണമണ്ഡപങ്ങള്‍, മാംസ വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് മാലിന്യനീക്കവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കും. ഇത് കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ ജനകീയ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ സന്നദ്ധസേനയെ പുനരുജ്ജീവിപ്പിച്ച് അവരുടെ നേതൃത്വത്തില്‍ പൊതുവിടങ്ങളില്‍ വിപുലമായ മാലിന്യനിര്‍മാര്‍ജന പരിപാടി നടത്തും. നിലവില്‍ മഴയായതിനാല്‍ അതിനു ശേഷമേ ഇത് സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നേതൃത്വം നല്‍കി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് തെരുവുനായ ശല്യം അവസാനിപ്പിക്കാനുള്ള പരിപാടികള്‍ നടപ്പാക്കുക. കോവിഡ് മഹാമാരിയെ നേരിട്ടതു പോലെ ഈ പ്രശ്നത്തെയും നേരിടാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.