ദില്ലി: നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച മുപ്പത്തിയെട്ടുകാരി അറസ്റ്റിൽ. കോളേജ് അധ്യാപികയായ സുതപ ദാസാണ് അറസ്റ്റിലായത്. നോയിഡ സെക്ടർ -121 ലെ ആഡംബര കെട്ടിട സമുച്ചയമായ ക്ലിയോ കൗണ്ടിയിലാണ് സംഭവം. കോളജ് അധ്യാപികയായ സുതപ ദാസ് കാറുമായി എത്തിയപ്പോൾ ഗെയ്റ്റ് തുറക്കാൻ വൈകിയെന്നാരോപിച്ചാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്.
പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം വീണ്ടും പുറത്ത് വന്ന ഇവര് സെക്യൂരിറ്റിയോട് തട്ടിക്കയറുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൊവ്വാഴ്ച്ച നടന്ന സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ശകാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിരയായ സച്ചിൻ കുമാർ നൽകിയ പരാതിയിൽ ഫേസ്-3 പലീസ് കേസെടുത്തു.
സിആർപിസി 151വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് നോയിഡ സെക്ടർ -128 ലെ ജെയ്പീ വിഷ്ടൗൺ സൊസൈറ്റിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ദില്ലിയിലെ അഭിഭാഷകയായ ഭവ്യാ റോയിയും അറസ്റ്റിലായിരുന്നു.