ഊട്ടിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് നീലഗിരി മൗണ്ടൻ ട്രെയിൻ എന്നറിയപ്പെടുന്ന ടോയ് ട്രെയിന്‍ യാത്ര.മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നീലഗിരി മൗണ്ടൻ റെയിൽപ്പാത. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് പാത കടന്നു പോകുന്നത്.കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.
യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നീലഗിരി മൗണ്ടന്‍ റെയില്‍പാത 1908 ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റര്‍ ഗേജ് ഉപയോഗിക്കുന്ന അപൂര്‍വ്വം റെയില്‍ പാതകളില്‍ ഒന്നുകൂടിയാണിത്.ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്ന വിശേഷണവും ഇതിനുണ്ട്.മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത.
1854 ല്‍ ബ്രിട്ടീഷുകാര്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു.
1908- ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീടാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്.2005 ജൂലൈയിൽ ആണ് യുനസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്.
മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടി വരെയുമുള്ള ടോയ് ട്രെയിൻ യാത്ര എന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട യാത്രകളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേട്ടുപ്പാളയത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര ആകെ പിന്നിടുന്നത് 46 കിലോമീറ്റര്‍ ദൂരമാണ്. സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയില്‍ ട്രെയിന്‍ എത്തുമ്പോഴേയ്ക്കും മറക്കാനാവാത്ത ഒരു യാത്രാനുഭവം നിങ്ങള്‍ക്ക് ലഭിച്ചിരിക്കും.
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ഇവിടുത്തെ ട്രെയിന്‍ കടന്നു പോകുന്ന പാതയുടെ വിശേഷങ്ങള്‍ വിവരണങ്ങള്‍ക്ക് അതീതമാണ്. നാലര മണിക്കൂറോളം സമയമെടുക്കുന്ന ഈ യാത്രയില്‍ 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെ ട്രെയിൻ കടന്നു പോകുന്നു.
എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.
ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ യാത്രയ്ക്കായി ലഭ്യമാണ്.ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 205 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 30 രൂപയും റിസര്‍വ്വ് ചെയ്യാതെയുള്ള യാത്രകള്‍ക്ക് 15 രൂപയുമാണ് ഒരാള്‍ക്കുള്ള ചാര്‍ജ്.ഇന്ത്യൻ റെയിൽവേയുടെ
www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
(ടിക്കറ്റ് നിരക്കിൽ മാറ്റങ്ങൾ ഉണ്ടാവാം)