NEWS

ഓർത്തോണം,സൂക്ഷിച്ചോണം; ഇത് രണ്ടു വർഷത്തിനു ശേഷമുള്ള ഓണം

ഗൃഹാതുര സ്മരണകളുമായി നാടും നഗരവും ഓണ നാളിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ഉത്രാടപാച്ചിലിലേക്കാണ് ഇന്ന് പകൽ മിഴി തുറന്നതെങ്കിൽ രാത്രി തിരുവോണപ്പൂനിലാവ് പരക്കുന്ന ഉത്രാടരാത്രിയാണ്.
തെക്കന്‍ കേരളത്തില്‍ ഓണത്തിന് തലേന്ന് വീടുകളില്‍ ഉത്രാട വിളക്ക് കത്തിച്ചു വയ്ക്കുക എന്നൊരു പതിവുണ്ട്. ഗുരുവായൂരിൽ കാഴ്ച്ചക്കുലയും ഉത്രാടത്തിന് സമര്‍പ്പിക്കാറുണ്ട്.ഇതിന് ഉത്രാടകാഴ്ച എന്നാണ് പറയുക. പുലികളിയും തുമ്പിതുള്ളലും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ കണ്ട് മലയാളികള്‍ മനം നിറയുന്ന ദിവസം കൂടിയാണ് ഉത്രാടം.
മറുനാട്ടിലും ദൂരദേശത്തുമുള്ള കുടുംബാഗംങ്ങള്‍ ഒരുമിക്കുന്ന ആനന്ദത്തിന്‍റെ തിരുനാളിന് മനോഹാരിത ഉറപ്പ്. കുടുംബത്തിലെ കാരണവര്‍ ഓണക്കോടി സമ്മാനിക്കും.മുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലിലിരുന്ന് ആടുമ്പോള്‍ ഒപ്പം പാട്ടുകളും മുഴങ്ങും.ഓണക്കളികളുടെ കാര്യം പറയുകയും വേണ്ട.തലപ്പന്തും തിരുവാതിരക്കളിയും വടംവലിയുമെല്ലാം ഇടവിട്ടിടവിട്ട് അരങ്ങേറും.
ഓണത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുന്നതും ഏറെ ആഹ്ളാദജനകമാണ്. വാഴയിലയില്‍ രുചിഭേദങ്ങളുടെ വൈവിധ്യം.കറികളും ഉപ്പേരിയും ശര്‍ക്കര വരട്ടിയും പഴവുമെല്ലാം ഒന്നിനൊന്നു മെച്ചം.മധുരം പകരാന്‍ പായസം കൂടിയാകുമ്പോള്‍ സദ്യ കെങ്കേമം. ഇവയെല്ലാം ഒരുക്കുന്നതും തിരുവോണത്തെ വരവേല്‍ക്കാനായി മനസിനെ തയ്യാറാക്കുന്നതും ഉത്രാടനാളിലാണ്.
ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ഉത്രാടത്തിന്‍റെ നിറപ്പകിട്ട്. ഉത്രാടനാളിന്‍റെ തലേദിനം മുതൽ കേരളത്തിലെ വിപണികള്‍ കൂടുതൽ സജീവമാകും. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ ദിനം കച്ചവടക്കാരുടെ ചാകരയാണ്. കാണം വിറ്റം ഓണമുണ്ണാന്‍ മലയാളികള്‍ തയ്യാറെടുക്കുമ്പോള്‍ വിപണികളില്‍ തിരക്കേറുക സ്വാഭാവികവും.
വമ്പൻ ഓഫറുകളുമായി മത്സരിക്കുന്ന കടകൾക്ക് മുന്നിൽ നമ്മളെ സ്വീകരിക്കുവാനായി മാവേലി വേഷക്കാർ കാത്തുനിൽക്കുന്നുണ്ടാവും.വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്സ് കടകളിലുമാണ്  തിരക്ക് ഇങ്ങനെ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.പച്ചക്കറി കടകളുടെ കാര്യവും വ്യത്യസ്തമല്ല.നാളെ തിരുവോണ ദിവസം അവധിയായതിനാൽ ബിവറേജസുകളുടെ മുമ്പിലെ കാര്യം ഒട്ടും പറയേണ്ട ആവശ്യമില്ല.ഒരു ദിവസം കൊണ്ട് എവിടെല്ലാം പോയാൽ പറ്റും മനുഷ്യന്,അല്ലേ..? .ഇതിനാണ് ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്.
സര്‍ക്കാര്‍ മേളകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളില്‍ റെഡിമെയ്ഡ് സദ്യയും പായസമേളകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെയും തിരക്കിന് യാതൊരു കുറവുമില്ല.സാഹചര്യങ്ങള്‍ ഏറെ മാറിയെങ്കിലും മലയാളിയുടെ ഗൃഹാതുരമായ ഓണത്തിനും ഓണാഘോഷത്തിനും അല്‍പംപോലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഈ  കാഴ്ചകൾ സൂചിപ്പിക്കുന്നത്.

 ഉത്രാടദിനത്തിന് പുറമെ തിരുവോണ നാളിലെയും തിരക്ക് നിയന്ത്രിക്കുന്നതിന് കണ്ണും കാതും കൂർപ്പിച്ച് പൊലീസ് എല്ലായിടത്തുമുണ്ടാകും.മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്താൽ അവർ ഇടപെടും.കാരണം രണ്ടു വർഷത്തെ കോവിഡ് കാലത്തിനു ശേഷമാണ് ഇത്തവണത്തെ ഓണാഘോഷം.അതിന് മുൻപുള്ള രണ്ടു വർഷത്തെ പ്രളയകാലം കൂടി നോക്കിയാൽ ശരിക്കും നാലു വർഷത്തിനു ശേഷമുള്ള മലയാളികളുടെ ഓണാഘോഷം.

മാസ്ക് വീണ്ടും കേരളത്തിൽ നിർബന്ധമാക്കിയിട്ടുണ്ടെന്നത് മറക്കരുത്.അതിനാൽ സൂക്ഷി’ച്ചോണം’.നാളത്തെ തിരുവോണത്തിനെ നമുക്ക് ഒന്നിച്ച് സന്തോഷത്തോടെ വരവേൽക്കാം.

Signature-ad

 

 

ഏവര്‍ക്കും  ന്യൂസ്‌ദെൻ ടീമിന്റെ ഓണാശംസകള്‍

Back to top button
error: