CrimeNEWS

സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തി തമിഴ്സംഘം റാഞ്ചിയ പതിനാലുകാരനെ മോചിപ്പിച്ചു

തിരുവനന്തപുരം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്‌നാട് സംഘം തട്ടിക്കൊണ്ടുപോയി. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കാറുകളിലെത്തിയ ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പോലീസ് ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ രാത്രി 11.30 ന് പാറശാലയില്‍ സംഘത്തെ തടഞ്ഞു; ബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘത്തെ തടഞ്ഞത്. ഒരാളെ അറസ്റ്റ് ചെയ്തു.

Signature-ad

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച വൈകിട്ട് 6.30 ന് ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോഴാണ് രണ്ടു കാറുകളിലായി ആറംഗ സംഘം എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നല്‍കി. വ്യാപക പരിശോധന തുടങ്ങി. രാത്രി 10 ന് പൂവാര്‍ പോലീസിന്റെ ജീപ്പ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിച്ചു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. സമീപ ജങ്ഷനില്‍ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറില്‍ പോലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്‌നാട് അതിര്‍ത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പരിശോധന ശക്തമാക്കി.
11.30ന് പാറശാല കോഴിവിളക്കു സമീപം പോലീസ് ഒാട്ടോ തടഞ്ഞു. അബോധാവസ്ഥയില്‍ കണ്ട ആഷിക്കിനെ രക്ഷപ്പെടുത്തി. ഓട്ടോയിലുണ്ടായിരുന്ന രണ്ടു പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടാമനെ പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) ആണ് പിടിയിലായത്.

Back to top button
error: