CrimeNEWS

ഇടുക്കി കരുണാപുരത്ത് അച്ഛന്റെയും മകന്റെയും വക ‘തല്ലുമാല’

ഓട്ടോയില്‍ മദ്യവില്‍പനയെന്ന് എക്‌സൈസിനു വിവരം നല്‍കിയതായി സംശയം

നെടുങ്കണ്ടം: ഓട്ടോറിക്ഷയില്‍ അനധികൃത മദ്യവില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറും മകനും ചേര്‍ന്ന് വയോധികനെയും രണ്ട് ഓട്ടോഡ്രൈവര്‍മാരെയും മര്‍ദിച്ചു. സംഭവത്തില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കമ്പംമെട്ടിന് സമീപം കരുണാപുരത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കരുണാപുരം സ്റ്റാന്‍ഡിലെ ഓട്ടോത്തൊഴിലാളി കൊല്ലമലയില്‍ മധൂസൂദനന്‍ (52), മകന്‍ മിഥുന്‍ (24) എന്നിവര്‍ ചേര്‍ന്ന് അക്രമം നടത്തിയന്നൊണ് പരാതി. നാട്ടുകാരനായ പുതുപ്പറമ്പില്‍ ശശിധരന്‍ നായര്‍ (60), ഓട്ടോറിക്ഷ തൊഴിലാളികളായ ആനിവേലില്‍ പ്രശാന്ത് (28), പഴാങ്കല്‍ ബിനീഷ് (32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അഞ്ചുപേരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കരുണാപുരത്ത് ഓട്ടോറിക്ഷയുടെ മറവില്‍ അനധികൃത മദ്യ വില്‍പന നടക്കുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ എക്‌സൈസ് സംഘം കരുണാപുരത്ത് എത്തി. ഈ സമയം ഓട്ടോറിക്ഷ സ്റ്റാന്‍ഡിലുണ്ടായിരുന്ന മധുസൂദനന്റെ ഓട്ടോറിക്ഷയില്‍ പരിശോധന നടത്തി. എന്നാല്‍, മദ്യം കണ്ടെത്താത്ത സാഹചര്യത്തില്‍ മടങ്ങി.
തന്റെ വാഹനത്തില്‍ എക്‌സൈസ് പരിശോധന നടത്തിയത്, മറ്റ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പരാതി നല്‍കിയിട്ടാണെന്ന് ആരോപിച്ച് മധൂസൂദനന്‍ അസഭ്യവര്‍ഷം നടത്തി.
ഇത് ചോദ്യം ചെയ്ത ശശിധരന്‍ നായരെ മധൂസൂദനന്‍ മര്‍ദിക്കുകയും െകൈയില്‍ കടിച്ചുപറിക്കുകയും സമീപത്തെ കടയിലിരുന്ന പാക്കുവെട്ടി എടുത്ത് തലക്കടിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എക്‌സൈസ് പരിശോധന നടക്കുന്നതറിഞ്ഞ് മധുസൂധനന്റെ മകന്‍ മിഥുനും സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റാനായി എത്തിയ പ്രശാന്തിനെയും ബനീഷിനെയും പിന്നീട് അച്ഛനും മകനും ചേര്‍ന്ന ആക്രമിച്ചു. പ്രശാന്തിന്റെ ദേഹമാസകലവും ബിനീഷിന്റെ കൈയ്ക്കും പരുക്കുണ്ട്. സംഭവത്തില്‍ ഇരുവിഭാഗങ്ങളുടെയും മൊഴികള്‍ രേഖപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Back to top button
error: