KeralaNEWS

‘കഞ്ചാവ് കുരു’ എന്ന് എക്‌സൈസ്, ‘ഹെംപ് കുരു’ എന്ന് കടഉടമ; കോഴിക്കോടെ മിൽക്ക് ഷേക്കിൽ തർക്കം

കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിലെ മിൽക്ക് ഷേക്കിൽ കഞ്ചാവ് കുരു ചേർക്കുന്നതായി എക്‌സൈസും ഷെയ്ക്കില്‍ ചേര്‍ത്തത് ആരോ​ഗ്യത്തിന് ഉത്തമമായ ഹെംപ് കുരുവെന്ന് കടഉടമയും തർക്കത്തിൽ.

എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി എന്നാണ് പറയുന്നത്.

Signature-ad

ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ അയച്ചിട്ടുണ്ട്. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു.

എന്നാൽ എക്‌സൈസുകാർ പ്രചരിപ്പിക്കുന്നത് അവാസ്തവമാണെന്ന് കടയുടമ ഡോ. സുഭാഷിഷ് പറയുന്നു. ജ്യൂസ് സ്റ്റാളിൽ മില്‍ക്ക് ഷെയ്ക്കില്‍‌ കലര്‍ത്തിയത് കഞ്ചാവ് കുരു അല്ല, ഹെംപ് കുരുവാണ്. ഇത് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ചിട്ടുള്ളതാണെന്നും ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണെന്നും കടയുടമ അവകാശപ്പെടുന്നു.

“ഹെംപ് സീഡുകള്‍ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്…”
കട ഉടമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ​ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തു എന്നാണ് എക്സൈസിൻ്റെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണത്രേ എക്സൈസ് പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതിയുണ്ടത്രേ.

ഡല്‍ഹിയില്‍ നിന്നാണത്രേ ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇതു പോലെ കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് എക്‌സൈസ് സംശയിക്കുന്നു. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനങ്ങളില്‍ എത്തുന്നുണ്ടോ എന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നു. രാസപരിശോധനഫലത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Back to top button
error: