ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. സദ്യയിലുള്ള പോഷകക്കൂടുതല്‍ കൊണ്ടാവാം, സദ്യ ഒരു നേരമാവാം എന്ന് കാരണവൻമാർ പറയുന്നത്.
1. സാമ്പാർ
2. അവിയൽ
3. കൂട്ടുകറി
4. തോരൻ
5. കാളൻ
6. ഓലൻ
7. പച്ചടി
8. കിച്ചടി
9. ഇഞ്ചിക്കറി
10. മാങ്ങാക്കറി
11. നാരങ്ങഅച്ചാർ
12. പരിപ്പ്
13. എരിശ്ശേരി
14. രസം
15. മാമ്പഴ പുളിശ്ശേരി
16. പുളിയിഞ്ചി
17. പഴപ്രഥമൻ
18. പാലടപ്രഥമൻ
19. പരിപ്പ് പ്രഥമൻ
20. ഗോതമ്പു പ്രഥമൻ
ചോറ്: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്
ഓലൻ: കുമ്പളങ്ങയാണ് ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്‌ക്ക് അരച്ചും വയ്ക്കാറുണ്ട്.
ഇഞ്ചിക്കറി: ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.
പച്ചടി: സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം
സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
അവിയൽ: വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.
പരിപ്പുകറി: ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.
എരിശേരി: ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.
കാളൻ: നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.
കിച്ചടി: ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.
കൂട്ടുകറി: കറികളിൽ കേമനാണ് കൂട്ടുകറി കായയും ചേനയുമാണ് കൂട്ടുകറിയുടെ സാധാരണ ചേരുവകൾ മത്തൻകൂട്ട്, തക്കാളിക്കൂട്ട്, ചിരക്കൂട്ട് എന്നിങ്ങനെ വ്യത്യസ്ത കൂട്ടുകറികൾ ഉണ്ടാക്കാമെങ്കിലും കായക്കൂട്ടുതന്നെയാണ് ഓണ സദ്യയിൽ സാധാരണ കണ്ടുവരുന്നത്.
തോരൻ: ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജോ, ചേനതണ്ടോ തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.
പായസം: പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമ്യ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.
ഇങ്ങനെ കുറഞ്ഞത് 12 വിഭവങ്ങളെങ്കിലും ഓണസദ്യയ്ക്ക് നിർബന്ധം.പണ്ടുകാലത്ത് ഇരുപത്തിയാറ് വിഭവങ്ങൾ വരെ ഓണസദ്യയ്ക്ക് നീണ്ടിരുന്നെങ്കിൽ ഇന്ന് ചിലയിടങ്ങളിലെങ്കിലും അത് അറുപത് വരെയാണ്.
ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതുമാണ്.ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നുതന്നെ ലഭിക്കുന്നു.വിഭവങ്ങളുടെ പെരുക്കങ്ങളിൽ ഓണസദ്യ ഇവിടെ അവസാനിക്കുന്നില്ല…. അത് ഓരോ പ്രദേശത്തെയും ചിട്ടവട്ടങ്ങളെ അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും.
എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു പൊന്നോണം നേരുന്നു.