ദുബൈ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയ്ക്കിന്ന് അതിനിര്‍ണായകം. വൈകീട്ട് 7.30ന് ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
പാകിസ്താനോടേറ്റ അപ്രതീക്ഷിത തോല്‍വിയോടെ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും.
ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ അവസാന നിമിഷം ജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. എതിരാളികളായ ശ്രീലങ്കയാവട്ടെ അഫ്ഗാനിസ്താനെതിരെ അവസാന ഓവറില്‍ പൊരുതി ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എത്തുന്നത്. ജയം ആവര്‍ത്തിച്ചാല്‍ ഫൈനലിലേക്ക് വഴി തുറക്കുമെന്നതിനാല്‍ വര്‍ധിത വീര്യവുമായാവും ശ്രീലങ്ക ഇറങ്ങുക.
വിരാട് കോഹ്‌ലി ഉജ്വല ഫോമിലാണെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മയും മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതുമാണ് ഇന്ത്യയ്ക്ക് ഇനിയും തലവേദനയാകുന്നത്. എന്നാല്‍, ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ആശ്വാസകരമാണ്.